/sathyam/media/media_files/FXA7PCQ1dv7UGWXTtZ8p.jpg)
വടകര: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പരാതിയുമായി ഡിവൈഎഫ്‌ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യർക്കുമെതിരായ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഡിജിപിക്കാണ് പരാതി നല്‍കിയത്. മഹിളാ അസോസിയേഷൻ വടകര റൂറൽ എസ്‌പിക്കും പരാതി നൽകി.
സ്ത്രീത്വത്തെ അപമാനിച്ച ഹരിഹരനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഡിവൈഎഫ്ഐയുടെ പരാതി. ഹരിഹരന്റെ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും സ്ത്രീയെ ശരീരം മാത്രമായി കാണുന്നതിന് പൊതുജനങ്ങളോട് നൽകുന്ന ആഹ്വാനവുമാണെന്ന് മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ പുഷ്പജ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞദിവസം നടന്ന യുഡിഎഫ്-ആര്‍എംപി ജനകീയ പ്രതിഷേധത്തിനിടെയാണ് ഹരിഹരന്റെ വിവാദ പരാമര്‍ശമുണ്ടായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പില്‍ എംഎല്‍എ, ടി സിദ്ധിഖ് എംഎല്‍എ തുടങ്ങിയ നേതാക്കളെ വേദിയിലിരുത്തിയായിരുന്നു ഹരിഹരന്റെ പരാമര്‍ശം. പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമാണ്.