വിമാനത്താവളത്തിലെ ബോംബ് ഭീഷണി; അറസ്റ്റിലായ കിളിമാനൂർ സ്വദേശിയെ മുംബൈക്ക് കൊണ്ടുപോകും

ഐപി വിലാസം കേന്ദ്രീകരിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്ത് നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്ടെത്തി.

New Update
air port threat.jpg


തിരുവനന്തപുരം: മുംബൈ വിമാനത്താവളത്തിലെ ബോംബ് ഭീഷണിയില്‍ അന്വേഷണം പുരോഗമിക്കുന്നെന്ന് തീവ്രവാദിവിരുദ്ധ സ്‌ക്വാഡും പൊലീസും. കേസില്‍ അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി ഫെബിന്‍ ഷായെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും. ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയ ശേഷം മുംബൈയിലേക്ക് കൊണ്ടുപോകും. മുംബൈയിലെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി.

Advertisment

ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം തകര്‍ക്കുമെന്ന് ഇ മെയില്‍ അയച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ഫെബിന്‍ ഷായെ പൊലീസും എടിഎസും ചോദ്യം ചെയ്യുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് വിമാനത്താവള അധികൃതര്‍ക്ക് ഇ മെയില്‍ വഴി ഭീഷണി സന്ദേശം സന്ദേശം ലഭിച്ചത്. പത്തുലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. 

ഐപി വിലാസം കേന്ദ്രീകരിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്ത് നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് മുംബൈയില്‍ നിന്ന് അന്വേഷണ സംഘം കേരളത്തിലെത്തി ഫെബിനെ അറസ്റ്റ് ചെയ്തത്. ഫെബിന്റെ വീട്ടിലെ ബ്രോഡ് ബാന്റ് കണക്ഷന്‍ ഉപയോഗിച്ചാണ് ഇ മെയില്‍ അയച്ചതെന്ന് എടിഎസ് സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്.

വിമാനത്താവള അധികൃതരുടെ പരാതിയില്‍ സഹര്‍ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തുന്നുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. നാളെ മുംബൈ ഭീകരാക്രമണ വാര്‍ഷികമായതിനാല്‍ നഗരത്തിലെ പ്രധാനയിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്. തീരമേഖലയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

mumbai
Advertisment