കോട്ടയം: മഞ്ഞിനൊപ്പം പകല്‍ ചൂടും.. പാമ്പുകള്‍ മാളത്തിനു പുറത്തിറങ്ങുന്ന സമയമായതിനാല്‍ ജാഗ്രത വേണം. ചില പാമ്പുകളുടെ പ്രജനന കാലമാണിത്. ഇണ തേടി അലയുകയും, അവയോടൊപ്പം സഹവസിക്കുകയും ചെയ്യുന്ന സമയം.
പകൽ ചൂടുകൂടിയാല്‍ ശീതരക്തമുള്ള പാമ്പുകള്‍ ശരീരത്തിലെ താപനില നിലനിറുത്താന്‍ തണുപ്പുള്ള പ്രദേശശങ്ങൾ തേടി പോകും. ഇവയെ ചവിട്ടുകയോ മറ്റോ ചെയ്താല്‍ ആഞ്ഞുകൊത്തും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചെങ്കല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റിരുന്നു.
ഇന്ത്യയില്‍, കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏകദേശം 12 ലക്ഷം പേര്‍ പാമ്പുകടിയേറ്റു മരിച്ചു എന്നാണു കണക്ക്. ഒരു വര്‍ഷം ശരാശരി 58,000 പേര്‍ പാമ്പ് കടിയേറ്റു രാജ്യത്ത് മരിക്കുന്നുണ്ട്.
ഇതിന്റെ മൂന്നിരട്ടി ആളുകള്‍ക്ക് അവരുടെ ശരീരഭാഗങ്ങള്‍ നഷ്ടപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നുണ്ടെന്നാണു കണക്കുകള്‍.
കേരളത്തിലും പാമ്പുകളിയേറ്റു മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല.
കേരളത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്നത് പാമ്പുകടിയേറ്റാണെന്ന് കണക്കുകള്‍.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 540 പേരാണു പാമ്പുകടിയേറ്റ് മരണമടഞ്ഞത്. മനുഷ്യരും വന്യജീവികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മരണമടഞ്ഞവരുടെ എണ്ണത്തില്‍ 63 ശതമാനവും പാമ്പുകടി മരണങ്ങളാണ്.
പരസരങ്ങളിൽ പാമ്പുകളെ കണ്ടാല്‍ അറിയിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ വോളണ്ടിയര്‍മാരെയും വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സര്‍പ്പ എന്നപേരിലുള്ള ആപ്ലിക്കേഷന്‍ പ്‌ളേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ
പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ, അല്ലയോ എന്നറിയാന്‍ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം.
കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്.
വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത് വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ കടന്ന വിഷത്തിന്റെ അളവ് എന്നവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം.
പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്
പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്. കടിയേറ്റവര്‍ ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും.
കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്. രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക. എത്രയും വേഗം ആന്റി സ്‌നേക് വെനം ഉള്ള ആശുപത്രിയിലെത്തിക്കുക.
രാജവെമ്പാല,മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ ബാധിക്കും. അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത്.
നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാല്‍ കാഴ്ച മങ്ങല്‍, ശ്വാസതടസം, ആമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.
വ്യാജചികിത്സയെ സൂക്ഷിക്കുക
കേരളത്തില്‍ ആകെ 101 തരം പാമ്പുകള്‍ ആണുള്ളത്. അതില്‍ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയില്‍ വിഷമുള്ള 10 പാമ്പുകള്‍ മാത്രം. അതില്‍ അഞ്ചെണ്ണം കടല്‍പാമ്പുകള്‍ ആണ്.
അതായത് കരയില്‍ കാണുന്ന 95 തരം പാമ്പുകളില്‍ അഞ്ച് തരത്തിന് മാത്രമേ മനുഷ്യന്റെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളൂ . മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല.
ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണം എന്നില്ല.
ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകര്‍ ഉപയോഗിക്കുന്നത്. കല്ല് ശരീരത്തില്‍ വച്ചാലോ, പച്ചിലകള്‍ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല.
ശരിയായചികിത്സ.
പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിരര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍ നിന്നാണ് നിര്‍മിക്കുന്നത്.
മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തില്‍ നിന്നും വേര്‍തിവരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.