/sathyam/media/media_files/2025/03/01/VzPwo3Yh6UQEBk6LXfWq.jpg)
തിരുവനന്തപുരം: ആശാ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും വനിതാ പോലീസ് റാങ്ക് ഹോള്‍ഡേഴ്‌സിനും പിന്നാലെ കോളേജ് അദ്ധ്യാപകര്‍ കൂടി സര്‍ക്കാരിനെതിരേ രംഗത്തിറങ്ങുകയാണ്. ഏഴാം ശമ്പള പരിഷ്‌കരണ കുടിശികയിനത്തില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 750 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നാണ് കോളേജ് അദ്ധ്യാപകരുടെ ആരോപണം. ഹൈക്കോടതിയില്‍ കേസ് കൊടുത്തതിന് പിന്നാലെ പരസ്യമായ സമരത്തിനിറങ്ങാനൊരുങ്ങുകയാണ് അദ്ധ്യാപകര്‍.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ എത്തിനില്‍ക്കെ, അദ്ധ്യാപകര്‍ കൂടി സമരത്തിനിറങ്ങിയാല്‍ അത് സര്‍ക്കാരിന് തിരിച്ചടിയാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ 62ദിവസമായി നടക്കുന്ന ആശമാരുടെ സമരം സര്‍ക്കാരിന് വന്‍ പ്രതിച്ഛായാ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.
സമരം തീര്‍ക്കണമെന്ന് മുന്നണിയില്‍ നിന്നുപോലും ആവശ്യമുയരുകയാണ്. എന്നാല്‍ എസ്.യു.സി.ഐ നേതൃത്വത്തിലുള്ള സമരത്തിലെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഇന്‍സെന്റീവ് കൂട്ടിയാല്‍ സി.ഐ.ടി.യു നേതൃത്വത്തിലുള്ള ആശമാരുടെ സംഘടനയ്ക്ക് തിരിച്ചടിയാണെന്നതിനാലാണ് സമരത്തിന് അനുകൂല സമീപനം സര്‍ക്കാര്‍ എടുക്കാത്തത്.
സംസ്ഥാന സര്‍ക്കാരിനെതിരെ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.പി.സി.ടി.എയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2016 ജനുവരി ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെ 39 മാസത്തെ ശമ്പള പരിഷ്‌കരണ കുടിശിക 1500 കോടി രൂപ കോളേജ് അദ്ധ്യാപകര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്. ഇതില്‍ പകുതി കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ടതാണ്. യു.ജി.സി സ്‌കെയില്‍ പ്രകാരമുള്ള ശമ്പള കുടിശിക കോളേജ് അധ്യാപകര്‍ക്ക് നല്‍കിയെന്ന് നവ കേരള സദസ്സിലെ വിവിധ വേദികളില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ധനമന്ത്രിയും 1500 കോടി രൂപ വിതരണം ചെയ്തതായി അറിയിച്ചിരുന്നു. എന്നാല്‍ നിയമസഭയില്‍ എം. വിന്‍സെന്റ് എംഎല്‍എയുടെ ചോദ്യത്തിന് മന്ത്രി ആര്‍ ബിന്ദു നല്‍കിയ മറുപടിയും അനുബന്ധ രേഖകളും യുജിസി ശമ്പള കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ കോളേജ് അധ്യാപകര്‍ക്ക് നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണെന്ന് അദ്ധ്യാപകര്‍ പറഞ്ഞു. 750 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം നല്‍കാതിരിക്കാന്‍ കേന്ദ്ര ഫണ്ട് മനപ്പൂര്‍വം നഷ്ടപ്പെടുത്തിയെന്നാരോപിച്ച് കെ പി സി ടി എ ക്ക് വേണ്ടി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, റോണി ജോര്‍ജ്, ഡോ ജോബിന്‍ ചാമക്കാല എന്നിവരാണ് ഹര്‍ജി നല്‍കിയത്.
കേന്ദ്രം പ്രഖ്യാപിച്ചത് റീ ഇമ്പേഴ്‌സ്‌മെന്റ് സ്‌കീം ആണ്. തുക വിതരണം ചെയ്തതിന് ശേഷം മാത്രമേ കേന്ദ്രവിഹിതം കിട്ടൂ എന്ന് പലതവണ വ്യക്തമായിട്ടും തുക വിതരണം ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചത് ആസൂത്രിതമായി യുജിസി ശമ്പള പരിഷ്‌കരണ കുടിശിക ഇല്ലാതാക്കാന്‍ വേണ്ടിയാണെന്ന് ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് ആരോപിച്ചു.
ഗവ., എയ്ഡഡ് കോളേജ് അദ്ധ്യാപകര്‍ക്ക് ഏഴാം ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട 750കോടിയുടെ വിഹിതം അനുവദിക്കാത്തത് കേരളം യഥാസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാലാണ് എന്നാണ് കേന്ദ്രം പറയുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇത് തള്ളുകയാണ്. മിക്ക സംസ്ഥാനങ്ങളും നല്‍കിയ പ്രൊപ്പോസലുകള്‍ പൂര്‍ണതയും കൃത്യതയുമുള്ളതല്ലാത്തതിനാല്‍ കേന്ദ്രസഹായം നല്‍കാനാവില്ലെന്നും 2022 ഏപ്രില്‍ ഒന്നു മുതല്‍ ശമ്പള പരിഷ്‌കരണത്തിന്റെ പകുതി വഹിക്കുന്നത് നിറുത്തുകയാണെന്നും കേരളത്തെ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
2016 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ശമ്പളത്തിന്റെ 50 ശതമാനം കേന്ദ്രവിഹിതമാണ് കിട്ടാനുള്ളത്. ഇത് കിട്ടാത്തതിനാല്‍ അദ്ധ്യാപകര്‍ക്ക് പണം കിട്ടിയിട്ടുമില്ല. ശമ്പളപരിഷ്‌കരണം നടപ്പാക്കി പണം നല്‍കിയ ശേഷം സമീപിക്കാനാണ് യു.ജി.സി നിര്‍ദ്ദേശം. 1500കോടി ചെലവുണ്ടാവും. 750കോടി യു.ജി.സി തിരികെ നല്‍കും. ഓരോ അദ്ധ്യാപകര്‍ക്കും ശരാശരി 10ലക്ഷം രൂപ കിട്ടേണ്ടതാണ്.
സര്‍വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ ശമ്പള പരിഷ്‌കരണം മൂലമുള്ള അധികച്ചെലവിന്റെ 50% തുക ലഭിക്കുന്നതിനു കേന്ദ്രത്തിനു കേരളം യഥാസമയം അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ കാരണമില്ലാതെ 22 സംസ്ഥാനങ്ങള്‍ക്കു തുക നിഷേധിക്കുകയായിരുന്നുവെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
യുജിസി ശമ്പള പരിഷ്‌കരണത്തിനു കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട 750 കോടി രൂപ നഷ്ടമായോ എന്ന് നിയമസഭയില്‍ ചോദ്യം വന്നിരുന്നു. ഇതിനു മന്ത്രി ആര്‍.ബിന്ദു രേഖാമൂലം മറുപടി നല്‍കിയതാണ്. 2016 ജനുവരി ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ശമ്പള പരിഷ്‌കരണം മൂലം ഉണ്ടായ അധികച്ചെലവിന്റെ 50% വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കുമെന്നാണു കേന്ദ്രം അറിയിച്ചിരുന്നത്.
2019 ജൂണ്‍ 29, സെപ്റ്റംബര്‍ 29, 2020 മേയ് 28 എന്നീ തീയതികളില്‍ ഇറക്കിയ ഉത്തരവുകളിലൂടെ അധ്യാപകരുടെ ശമ്പള പരിഷ്‌കരണവും 2018 ലെ യുജിസി റഗുലേഷനും സംസ്ഥാനത്തു നടപ്പാക്കി. കേന്ദ്ര ധനസഹായം ലഭിക്കുന്നതിന് 2019 ഏപ്രില്‍ 4, 2020 ജൂണ്‍ 16, 2022 മാര്‍ച്ച് 5 എന്നീ തീയതികളില്‍ കേന്ദ്രത്തിനു നിര്‍ദേശം സമര്‍പ്പിച്ചു. കേന്ദ്രം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ 750.93 കോടി രൂപ നല്‍കുന്നതിനുള്ള നിര്‍ദേശം 2022 മാര്‍ച്ച് 21നു കേന്ദ്രത്തിനു നല്‍കി. ഇക്കാര്യം ഓര്‍മിപ്പിച്ച് ഏപ്രില്‍ 27നു കത്തയയ്ക്കുകയും ചെയ്തു.
ധനമന്ത്രിയും സെക്രട്ടറിയും പലപ്പോഴായി ഇക്കാര്യം കേന്ദ്ര ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ മിക്ക സംസ്ഥാനങ്ങളും സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര പദ്ധതിക്ക് അനുസൃതമായി പൂര്‍ണമോ കൃത്യമോ അല്ലെന്നും തുക നല്‍കാനാവില്ലെന്നും കേന്ദ്രം അറിയിക്കുകയായിരുന്നു. ദീര്‍ഘിപ്പിച്ച കാലാവധി 2022 മാര്‍ച്ച് 31നു കഴിഞ്ഞുവെന്നും അതിനു ശേഷം നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി നിലവിലില്ലെന്നാണു കേന്ദ്രം അറിയിച്ചിരിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ വിശദീകരിച്ചിരുന്നു.