ആസാം: ജനനേന്ദ്രിയത്തിലെ അണുബാധയ്ക്ക് ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തിയ 28 വയസ്സുകാരന്റെ ജനനേന്ദ്രിയം, ബയോപ്‌സി പരിശോധനയ്ക്കിടെ ഡോക്ടര്‍ സമ്മതമില്ലാതെ നീക്കം ചെയ്തുവെന്ന് ആരോപണം. ആസാമിലെ കാച്ചര്‍ ജില്ലയില്‍ ആണ് സംഭവം. വാര്‍ത്ത പുറത്തുവന്നതോടെ സംഭവം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
അതികുര്‍ റഹ്‌മാന്‍ എന്ന യുവാവാണ് ദുരന്തത്തിന് ഇരയായത്. ജനനേന്ദ്രിയത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി സില്‍ച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അതികുര്‍ റഹ്‌മാന്‍ എത്തുകയായിരുന്നു. ബയോപ്‌സി പരിശോധനയ്ക്ക് ശേഷം, തന്റെ സമ്മതമില്ലാതെയാണ് ഡോക്ടര്‍ ജനനേന്ദ്രിയം നീക്കം ചെയ്തതെന്ന പരാതിയിലാണ് റഹ്‌മാന്‍.
എന്‍ഡിടിവി റിപ്പോര്‍ട്ട് പ്രകാരം, ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കാണാനില്ലെന്നും, അദ്ദേഹം കോളുകളോ സന്ദേശങ്ങളോ സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അതികുര്‍ റഹ്‌മാന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''ജൂണ്‍ 19 ന് എന്റെ ജനനേന്ദ്രിയത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഞാന്‍ സില്‍ച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി. ബയോപ്‌സി പരിശോധനയ്ക്ക് പോകാന്‍ ഡോക്ടര്‍ എന്നെ ഉപദേശിച്ചു.
ബയോപ്‌സി പരിശോധനയ്ക്കിടെ, എന്റെ സമ്മതമില്ലാതെ അവര്‍ എന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഞാന്‍ ഉണര്‍ന്നപ്പോള്‍, ജനനേന്ദ്രിയം നീക്കം ചെയ്തതായി ഞാന്‍ അറിഞ്ഞു. ഡോക്ടറോട് ചോദിച്ചപ്പോള്‍, അദ്ദേഹം തൃപ്തികരമായ ഉത്തരം നല്‍കിയില്ല.''
''ഇപ്പോള്‍ ഞാന്‍ നിസ്സഹായനാണ്, എന്തുചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ ജീവിതം അവസാനിച്ചു. ഞാന്‍ പലതവണ ഡോക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ അദ്ദേഹം എന്റെ കോളുകള്‍ക്ക് മറുപടി നല്‍കിയില്ല. ഞാന്‍ മാനസികമായി വിഷമത്തിലാണ്, ശസ്ത്രക്രിയ കാരണം ഞാന്‍ വേറെയും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും നടപടിയെടുക്കണമെന്നും ആവിശ്യപ്പെട്ട് അതികുര്‍ റഹ്‌മാന്‍ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സംഭവത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ അത് സാധാരണക്കാര്‍ക്ക് ആശുപത്രികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് സാമൂഹ്യപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നും ആരോഗ്യമേഖലയിലെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും ഉറപ്പാണ്.