മാവേലിക്കര : വീട്ടില്‍ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചെന്ന വിവരംലഭിച്ച് വീട് റെയ്ഡുചെയ്യാനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.7 ലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ മൂന്നാം പ്രതിയായ പത്തിയൂര്‍ ചാപ്രയില്‍ അജിത് പ്രഭാകരനെ(പ്രകാശ്-60)യാണ് മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. 2006 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കീരിക്കാട് കരുവറ്റം കുഴിയിലുള്ള ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള മീനത്തേരില്‍ വീട്ടില്‍ അനധികൃതമായി 10,265 ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ച് വെച്ചിരിക്കുന്നതായാണ് എക്‌സൈസിന് ലഭിച്ച വിവരം. തുടര്‍ന്ന് ഹരിപ്പാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം പരിശോധന നടത്താനായി അജിത്തിന്റെ വീട്ടിലെത്തി. എന്നാല്‍ പ്രതികള്‍ മാരകായുധങ്ങളുമായി എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
സ്പിരിറ്റ് കേസിലെ മൂന്ന് പ്രതികളെയും നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസില്‍ 7 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിലെ മൂന്നാം പ്രതിയായ അജിത് പ്രഭാകരന്‍ ഏറെ നാള്‍ ഒളിവിലായിരുന്നു. 2018 ല്‍ കോടതിയില്‍ കീഴടങ്ങിയ അജിത്ത് വിചാര നേരിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസ്സിക്യൂട്ടര്‍ പി.വി.സന്തോഷ് കുമാര്‍ ഹാജരായി.