Advertisment

പിണറായിയെ അവമതിക്കുന്നവര്‍ പഴയ ചാരക്കേസിന്‍റെ നാള്‍വഴികള്‍ ഒന്നോര്‍ക്കുന്നത് കൊള്ളാം. ഇതുപോലൊരു ലോക്സഭാ തോല്‍വി കഴിഞ്ഞ തവണയും സംഭവിച്ചിരുന്നു. ആ കടമ്പയും കടന്നാണ് ചരിത്രം തിരുത്തി പിണറായി കേരളത്തില്‍ ആദ്യമായി തുടര്‍ഭരണം നേടിയത്. അത് പിണറായിയുടെ മാത്രം ക്രെഡിറ്റ് ആയിരുന്നില്ലേ ? ഇന്നോളം സംഭവിച്ചിട്ടുള്ളതുപോലെ പിണറായി വിരുദ്ധര്‍ വീണ്ടും തോല്‍ക്കുമോ ? - 'ബദല്‍' - കോളത്തില്‍ കുഞ്ചിക്കുറുപ്പ്

അദ്ദേഹം ഇന്നു രാജിവയ്ക്കും, നാളെ രാജിവയ്ക്കും എന്നെല്ലാം എഴുതിയും പറഞ്ഞും പോരുകയാണ് സോഷ്യൽ മീഡിയ അടക്കം മാധ്യമങ്ങൾ. പക്ഷേ, ഒരു കാര്യം തറപ്പിച്ചു പറയാം. അടുത്തെങ്ങും പിണറായി രാജിവയ്ക്കില്ല. കേന്ദ്രക്കമ്മിറ്റി ആവശ്യപ്പെടുകയുമില്ല. സിപിഎമ്മിൻ്റെ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാൻ പോകുകയാണ്. അടുത്ത വർഷം ആദ്യത്തോടെയേ സമ്മേളനങ്ങൾ തീരൂ.

author-image
കുഞ്ചിക്കുറുപ്പ്
Updated On
New Update
pinarai vijayan-12
Advertisment

ആദ്യം ഒരു പഴങ്കഥ. ചാരക്കേസ് കത്തി നിൽക്കുന്ന കാലം. കോൺഗ്രസിലെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവ്, അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനു വേണ്ടി മലയാളത്തിലെ ഒരു പത്രാധിപരോട് ചാരക്കേസിൻ്റെ മറുപുറം നേരിൽക്കണ്ട് വിശദീകരിച്ചു.

ചാരക്കേസ് തള്ളിക്കൊണ്ടുള്ള സിബിഐ റിപ്പോർട്ടും പത്രാധിപർക്ക് കൈമാറി. പത്രാധിപർ ചാരക്കേസ് എഴുതിക്കൊണ്ടിരുന്ന സ്വന്തം പത്രത്തിൻ്റെ ലേഖകനെ നേരിൽ വിളിപ്പിച്ച് കാര്യം ധരിപ്പിച്ചു.

ലേഖകൻ പറഞ്ഞു. "വലിയ പത്രങ്ങൾ അടക്കം ചാരക്കേസ് ഉണ്ട് എന്നെഴുതുന്നു. ഇതിപ്പോൾ നമ്മൾ ചാരക്കേസ് കള്ളക്കഥയാണെന്നെഴുതിയാൽ ഒഴുക്കിനെതിരെ തുഴയലാകും. അതിനുള്ള ശേഷി നമ്മുടെ ചെറുകിട പത്രത്തിനില്ല. അതിനാൽ ഒഴുക്കിൻ്റെ കൂടെ ഒഴുകുകയാണ് നല്ലത്‌. നാം അല്ലെങ്കിൽ ഒറ്റപ്പെട്ടു പോകും"- ലേഖകൻ്റെ വാദം മനസില്ലാ മനസോടെയാണെങ്കിലും പത്രാധിപർ അംഗീകരിച്ചു.

അന്ന് ചരക്കഥകൾ കിട്ടാൻ സോഴ്സൊന്നും തേടിപ്പോകേണ്ടതുണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ ചില ലേഖകർ തന്നെ ചെറുകിടക്കാർക്ക് അടക്കം കൊടുത്തിരുന്നു. അങ്ങനെയൊരു സാഹോദര്യം ചാരക്കേസിൽ അല്ലാതെ വേറൊന്നിലും കണ്ടിട്ടുമില്ല.

പിണറായിയെ ഒന്നു ന്യായീകരിക്കട്ടെ

ഈ കഥ പറഞ്ഞത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നു ന്യായീകരിക്കാനാണ്. ഒഴുക്കിനെതിരെ നീന്തലാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഈ 'ബദൽ'.  മാധ്യമങ്ങൾ എല്ലാം (ദേശാഭിമാനി ഒഴിച്ച്) പിണറായിയെ പച്ചക്ക് ചീത്ത വിളിക്കുകയാണ്. അതു കേൾക്കാൻ അദ്ദേഹം അർഹനാണു താനും. അത്രയ്ക്ക് താൻപോരിമയുണ്ട് പിണറായിക്ക്.

അദ്ദേഹം ഇന്നു രാജിവയ്ക്കും, നാളെ രാജിവയ്ക്കും എന്നെല്ലാം എഴുതിയും പറഞ്ഞും പോരുകയാണ് സോഷ്യൽ മീഡിയ അടക്കം മാധ്യമങ്ങൾ. പക്ഷേ, ഒരു കാര്യം തറപ്പിച്ചു പറയാം. അടുത്തെങ്ങും പിണറായി രാജിവയ്ക്കില്ല. കേന്ദ്രക്കമ്മിറ്റി ആവശ്യപ്പെടുകയുമില്ല. സിപിഎമ്മിൻ്റെ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാൻ പോകുകയാണ്. അടുത്ത വർഷം ആദ്യത്തോടെയേ സമ്മേളനങ്ങൾ തീരൂ.

അപ്പോഴെങ്ങാനും അദ്ദേഹം ഒഴിഞ്ഞെങ്കിലായി. അതിനേ സാധ്യതയുള്ളു. അല്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിൻ്റെ പേരിൽ അദ്ദേഹത്തെ പറഞ്ഞു വിടുകയില്ല. കാലങ്ങളായി പാർട്ടിയുടെ അമരക്കാരനാണ് പിണറായി. പിണറായിയുടെ സംഭാവനകൾ പാർട്ടിക്കു മറക്കാനാകില്ല. 


കുന്തമുനയേറ്റു നിൽക്കുന പിണറായിയെക്കുറിച്ച് മറ്റൊരു വീക്ഷണം അവതരിപ്പിക്കയാണ് ഇവിടെ. പിണറായിയെ അവമതിക്കുന്നവരോട് ചോദിക്കട്ടെ. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായല്ലെ രണ്ടാമതും ഒരേ മുന്നണി അധികാരത്തിലേറുന്നത് ? അതിൻ്റെ ക്രെഡിറ്റ് പിണറായിക്കു മാത്രമുള്ളതല്ലെ ?


ഭരണത്തുടർച്ച പ്രതിപക്ഷം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാൻ എല്ലാ നീക്കങ്ങളും നടത്തിയിരിക്കെയല്ലെ വെളളിടി പോലെ ഭരണത്തുടർച്ച ജനം പിണറായിക്കു നൽകിയത്. ആ മന്ത്രിസഭയുടെ കാലത്തെന്താ ഭരണത്തെ ചുറ്റിപ്പറ്റി ആക്ഷേപങ്ങൾ ഇല്ലായിരുന്നോ ? രമേശ് ചെന്നിത്തല ഒന്നാന്തരം പ്രതിപക്ഷ നേതാവുമായിരുന്നില്ലെ ? 

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റും യുഡിഎഫ് നേടിയതുമാണ്. എന്നിട്ടും അടുത്ത വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി അവിശ്വസനീയമായാണ് അധികാരം പിടിച്ചത്.

പിണറായി വിരുദ്ധർ തോൽക്കുന്നു

പിന്നെ അദ്ദേഹത്തെപ്പറ്റിയും കുടുംബാംഗങ്ങളെപ്പറ്റിയുമുള്ള ആക്ഷേപങ്ങൾ ! പിണറായിയില്‍ സ്വന്തം വീട് വച്ചപ്പോള്‍ മുതല്‍ തിടങ്ങിയതാണ് ആഘോഷങ്ങള്‍. വർഷം കുറേയായി പ്രതിപക്ഷവും മാധ്യമങ്ങളും ഇത്തരത്തില്‍ ആക്ഷേപം ഉന്നയിക്കാൻ തുടങ്ങിയിട്ട്. പല തരം അന്വേഷണ ഏജൻസികൾ വന്നു. രാഷ്ട്രീയക്കാരുടെ ഭാഷയിൽ പറഞ്ഞാൽ പിണറായിയുടെയോ കുടുംബാംഗങ്ങളുടെയോ രോമത്തിൽ തൊടാൻ കഴിഞ്ഞോ ?


പിണറായിക്കോ കുടുംബാംഗങ്ങൾക്കോ കുരുക്കു വീഴുമെന്ന് സിപിഎം നേതൃത്വവും വിശ്വസിച്ചിരുന്നുവെന്നതു സത്യം. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ ബദൽ മാർഗങ്ങൾ വരെ സിപിഎം ചിന്തിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പിണറായി വീണില്ല. ശൈലി മാറ്റിയുമില്ല. മാറ്റാവുന്ന ശൈലിയല്ല അത്. പിണറായി അങ്ങനെയാണ്. ക്ഷിപ്രകോപി. അനിഷ്ടം തോന്നിയാൽ അപ്പോൾ തന്നെ മറുപടി കൊടുത്തേ അടങ്ങൂ. മാധ്യമങ്ങൾക്ക് വഴങ്ങില്ല. 


'കള്ളു കുടിച്ചാൽ വയറ്റിൽ കിടക്കണം'

വർഷങ്ങൾക്കു മുൻപുള്ള ഒരു കഥ പറയാം. അന്ന് കോട്ടയത്തായിരുന്നു പാർട്ടി സംസ്ഥാന സമ്മേളനം. സമാപന സമ്മേളനം ഉദ്ഘാടനം പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. അദ്ദേഹം പ്രസംഗിക്കവേ അപ്രതീക്ഷിതമായി കനത്ത മഴയായി. സമ്മേളനം നടന്ന നെഹ്റു സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞ ജനം ആരവമുതിർന്നു. ആരവം കൂടി.

തൻ്റെ പ്രസംഗം തടസപ്പെടുന്നു എന്നു തോന്നിയപ്പോൾ പിണറായിക്ക് നിയന്ത്രിക്കാനായില്ല: 'കള്ളു കുടിച്ചാൽ വയറ്റിൽ കിടക്കണം. അതിന്റെ ആവേശമല്ല സമ്മേളനത്തിൽ കാണിക്കേണ്ടത്. ഇമ്മാതിരി ശബ്ദമുണ്ടാക്കുകയല്ല വേണ്ടത്' - പിണറായി ക്ഷോഭിച്ചു.


ഞെട്ടിപ്പോയി ജനക്കൂട്ടം. പിന്നെയുണ്ടായത് സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത. അതാണ് പിണറായി. അത് പിണറായിക്കേ കഴിയൂ. എന്നിട്ടും സിപിഎം അധികാരം പിടിച്ചു. പിണറായി മുഖ്യമന്ത്രിയുമായി. ആ നിലപാടുകൾ മാറില്ല എന്നു പറയാനേ പറ്റൂ.


അടിസ്ഥാന വർഗങ്ങൾ മാറി ചിന്തിക്കുന്നു

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ദയനീയമായി പരാജയപ്പെട്ടു എന്നതു നേര്. സിപിഎമ്മിൻ്റെ അടിസ്ഥാന വർഗങ്ങളുടെ വോട്ട് അവർക്ക് കിട്ടിയില്ല എന്നതും സത്യം. ആ വോട്ടുകൾ  യുഡിഎഫിനു കിട്ടി എന്നു കരുതേണ്ട. അത് ബിജെപിയിലേക്കാണ് പോയത്. പ്രത്യേകിച്ച് ഈഴവ വോട്ടകൾ.

അത് പിണറായിയോടുള്ള വിരോധം കൊണ്ടാണോ ? അല്ലെന്നാണ് ലേഖകൻ്റെ കണ്ടെത്തല്‍. അതിന് രാഷ്ട്രീയ കാരണങ്ങളുണ്ട്. അടിസ്ഥാന വർഗങ്ങൾ മാറി ചിന്തിച്ചിരിക്കുന്നു. അത് സിപിഎമ്മിന് അപകടകരമാണ്. (ബംഗാളിൽ ഇങ്ങനെയായിരുന്നു തുടക്കമെന്ന് ശത്രുക്കൾ പ്രചരിപ്പിക്കുന്നതാണെന്നു പറഞ്ഞു തള്ളിക്കളയാനാകുമോ ?) അതിലെ പ്രതി പിണറായിയല്ല എന്നേ വീക്ഷണമുള്ളു.

ബിജെപി വളർന്നത് സിപിഎമ്മിൻ്റെ ചെലവിൽ

അതൊരു ഒഴുക്കായിരുന്നു. അതും ബദ്ധശത്രുതയിലുളള ബിജെപിയിലേക്ക്. ബിഡിജെഎസിൻ്റെ നിലപാടുകൊണ്ടു കോട്ടയത്ത് സാക്ഷാൽ തുഷാർ വെള്ളാപ്പള്ളിക്കു ഗുണം കിട്ടിയില്ലെങ്കിലും ആ പാർട്ടിയുടെ നിലപാട് കേരളമാകെ സിപിഎമ്മിനു തിരിച്ചടിയായി എന്നു പറയാതെ വയ്യ.

നേരത്തെ കേരളം ചിന്തിച്ചിരുന്നത് കേരളത്തിൽ കോൺഗ്രസിൻ്റെ പരാജയം ബിജെപിക്കു വളമാകുമെന്നാണ്. എന്നാൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ കണ്ടത് സിപിഎമ്മിൻ്റെ പരാജയം ബിജെപിക്കു വളമായി എന്നാണ്. അത് എങ്ങനെ തടയാം എന്ന് ചിന്തിക്കാതെ പിണറായിയെ കുറ്റം പറഞ്ഞിരുന്നാല്‍ ബിജെപി എത്തേണ്ടിടത്ത് എത്തും. 

Advertisment