രാജീവ് ചന്ദ്രശേഖര്‍ എത്തുന്നതു ബി.ജെ.പി - ബി.ഡി.ജെ.എസ് ബന്ധത്തില്‍ നിര്‍ണായകമാകും. രാജീവും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മില്‍ ഉള്ളതു മികച്ച വ്യക്തി ബന്ധം. ബി. ജെ. പി തങ്ങളെ തഴയുന്നു എന്ന ബി. ഡി. ജെ. എസ്. നേതാക്കളുടെ പരാതിക്കു പരിഹാരമാകുമോ ?

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തുന്നതു ബി.ഡി.ജെ.എസ് ബന്ധത്തില്‍ നിര്‍ണായകമാകും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
thushar velllaplllyyy

കോട്ടയം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തുന്നതു ബി.ഡി.ജെ.എസ് ബന്ധത്തില്‍ നിര്‍ണായകമാകും. മുന്നിയില്‍ കടുത്ത അവഗണന നേരിടുന്നു എന്നതാണു ബി.ഡി.ജെ.എസിന്റെ പരാതി. ഇതു പല നേതാക്കളും പരസ്യമായി പ്രകടമാക്കുകയും ചെയ്തിരുന്നു.

Advertisment

കഴിഞ്ഞ ജനുവരിയില്‍ എന്‍.ഡി.എ മുന്നണി വിടണമെന്ന ആവശ്യവുമായി ബി.ഡി.ജെ.എസ് കോട്ടയം ജില്ല കമ്മറ്റി രംഗത്തു വന്നിരുന്നു. ഈ ആവശ്യമുയര്‍ത്തി പാര്‍ട്ടി ജില്ല പ്രവര്‍ത്തന ക്യാമ്പില്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എന്‍.ഡി.എയില്‍ പാര്‍ട്ടി കടുത്ത അവഗണനയാണു നേരിടുന്നതെന്നു പ്രമേയത്തില്‍ പറയുന്നു. ബി.ജെ.പി ചേര്‍ത്ത് പിടിച്ചില്ല. കഴിഞ്ഞ 9 വര്‍ഷമായി മുന്നണിയില്‍ ഒരു പരിഗണനയും ലഭിച്ചില്ല. അര്‍ഹമായ സ്ഥാനമാനങ്ങള്‍ പോലും നല്‍കിയില്ല. അതിനാല്‍ എന്‍.ഡി.എ വിടണമെന്നും മറ്റു മുന്നണികളില്‍ പ്രവേശിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.



എന്നാല്‍, ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വവും തുഷാര്‍ വെള്ളാപ്പള്ളിയും മൗനം പാലിക്കുകയാണു ചെയ്തത്. അതേസമയം, തുഷാറുമായി നല്ലബന്ധം സൂക്ഷിക്കുന്നയാളാണു രാജീവ് ചന്ദ്രശേഖര്‍. ഇതു ബി.ഡി.ജെ.എസ്. - ബി.ജെ.പി മുന്നണി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഗുണം ചെയ്യും എന്നു കരുതുന്നവര്‍ ഏറെയാണ്.



എന്‍.ഡി.എ മുന്നണിവിട്ടു യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണു ബി.ഡി.ജെ.എസ് പാര്‍ട്ടിയിലെ മിക്ക നേതാക്കള്‍ക്കും ഉള്ളത്. പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കുപോലും അര്‍ഹമായ പരിഗണന ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യില്‍ ലഭിക്കുന്നില്ലെന്നാണു  നേതാക്കള്‍ ഉന്നയിക്കുന്ന മുഖ്യ ആരോപണം.


 മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി അനൗദ്യോഗിക സംസാരമുണ്ടായും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍ പാരമ്പര്യമുള്ള തുഷാറിനെ ഇരുകൈയ്യും നീട്ടി മുന്നിയില്‍ സ്വീകരിക്കുമെന്നുള്ളതായിരുന്നു അന്നു പുറത്തു വന്ന സൂചനകള്‍. കേരള കോണ്‍ഗ്രസ്(എം) യു.ഡി.എഫ്. വിട്ടതിനാല്‍ മധ്യതിരുവിതാംകൂറില്‍ ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടുന്നതു നല്ലതാണെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും അഭിപ്രായമുണ്ട്.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങല്‍, തൃശൂര്‍ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കു വോട്ടുകൂടാന്‍ മുഖ്യകാരണം എസ്.എന്‍.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണു ബി.ഡി.ജെ.എസ്. പറയുന്നത്. എന്നാല്‍, ആ പരിഗണന ബി.ജെ.പി.യില്‍നിന്നു പാര്‍ട്ടിക്കു കിട്ടുന്നില്ല.


മറ്റു പാര്‍ട്ടികളില്‍നിന്നു ബി.ഡി.ജെ.എസിലെത്തുന്നവര്‍ ക്രമേണ ബി.ജെ.പിക്കാരായി മാറുകയാണെന്നും പാര്‍ട്ടിക്കു വളര്‍ച്ചയില്ലാത്തത് എന്‍.ഡി.എ.യില്‍ നില്‍ക്കുന്നതു കൊണ്ടാണെന്നുമാണു പാര്‍ട്ടിയില്‍ ചര്‍ച്ചയുയര്‍ന്നത്. എന്നാല്‍, മുന്നണിമാറ്റത്തിന്റെ പ്രധാന തടസം തുഷാര്‍ വെള്ളാപ്പള്ളിക്കു നരേന്ദ്ര മോഡിയും അമിത് ഷായുമായുമുള്ള വ്യക്തിബന്ധമാണ്. അതിനാല്‍, മുന്നണിമാറ്റമെന്ന അണികളുടെയും നേതാക്കളുടെയും ആവശ്യം തുഷാര്‍ അംഗീകരിക്കാന്‍ സാധ്യത തീരെ കുറവായിരുന്നു.


അതേ സമയം, രാജീവ് ചന്ദ്രശേഖറിന്റെ വരവോടുകൂടി എല്ലാം മാറിമറിയും. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മികച്ച ബന്ധം ബി.ജെ.പി - ബി.ഡി.ജെ.എസ്. പാര്‍ട്ടികള്‍ തമ്മില്‍ രൂപപ്പെടാനും രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയുടെയും വ്യക്തി ബന്ധം ഉപകരിക്കും. വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇരുവിഭാഗങ്ങളും സംയുക്തമായി പരിശ്രമിച്ചാല്‍ പല സീറ്റുകളും പിടിച്ചെടുക്കാനും സാധിക്കുന്ന തരത്തിലേക്ക് എത്തിക്കാനും കഴിയും.


 

Advertisment