ബെംഗളൂരു: ബെംഗളൂരുവില്‍ വെച്ച് സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്. സന്തോഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ബെംഗളൂരുവിലെ ഒരു ജാഗ്വാര്‍ ഷോറൂമില്‍ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് ഇയാള്‍.
ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിലെ ഒരു ഇടവഴിയില്‍ രണ്ട് സ്ത്രീകളെ പിന്തുടരുന്ന ഒരു പുരുഷന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ ആ പുരുഷനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, അയാള്‍ പെട്ടെന്ന് അവരില്‍ ഒരാളെ പിടികൂടുകയും മറ്റൊരാള്‍ അവളെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നു.
ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ കേസന്വേഷണത്തില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ 700 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സന്തോഷിലേക്ക് എത്തിയത്. ബെംഗളൂരുവില്‍ നിന്ന് തമിഴ്നാട്ടിലെ ഹൊസൂറിലേക്ക് രക്ഷപ്പെട്ട ഇയാള്‍ തുടര്‍ന്ന് അയാള്‍ സേലത്തേക്കും പിന്നീട് കോഴിക്കോടും രക്ഷപ്പെട്ടു. ആക്രമണം, ലൈംഗിക പീഡനം, പിന്തുടരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.