/sathyam/media/media_files/2025/01/06/T0FELkk7eiSZTxewN8xL.jpg)
തിരുവനന്തപുരം: ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടികയുടെ പ്രത്യേക പുതുക്കല്‍ യജ്ഞം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 1 ന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ അവസരം ലഭിക്കും. ഇതിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളുടെ പുനക്രമീകരണവും നടക്കുന്നുണ്ട്.
വോട്ടര്‍മാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാനാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുള്ളത്. സമ്മതിദായകരുടെ എണ്ണം കൂടുതലുള്ള ബൂത്തുകള്‍ക്ക് മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി ആക്‌സിലറി ബൂത്തുകള്‍ക്ക് പകരം പുതിയതായി സ്ഥിരം പോളിംഗ് ബൂത്തുകളാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സജ്ജീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിപൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് പുതിയ പോളിംഗ് ബൂത്തുകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നത്.
നിയമസഭാ, ജില്ലാ തലങ്ങളില്‍ രാഷ്ട്രീയ കഷികളുടെ യോഗം കൂടിയ ശേഷം പ്രസ്തുത യോഗത്തിന്റെ നടപടിക്കുറിപ്പ് സഹിതമാണ് പ്രൊപ്പോസല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുന്നത്. വോട്ടര്‍മാരെ ക്രമം തെറ്റാതെയാകും പുതിയ ബൂത്തിലേയ്ക്ക് ക്രമീകരിക്കുന്നത്.
അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തുകള്‍ നേരിട്ട് പരിശോധിച്ച് ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നത്.
പുതിയ പോളിംഗ് സ്റ്റേഷനുകള്‍ സമ്മതിദായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ അതത് പോളിംഗ് പ്രദേശത്ത് തന്നെയാണ് സജ്ജീകരിച്ചുട്ടുള്ളത്. ഇതനുസരിച്ച് 59 പുതിയ പോളിംഗ് ബൂത്തുകള്‍ ഉള്‍പ്പെടെ അകെ 263 പോളിംഗ് ബൂത്തുകളാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉണ്ടാകുക. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പരാതി ഉയര്‍ന്ന നീണ്ട വരി പോലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇതു സംബന്ധിച്ചുള്ള പരാതികള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 1950 എന്ന ടോള്‍ ഫ്രീ നമ്പറിലോ ഔദ്യോഗിക ഇമെയില്‍ (ceo_kerala@eci.gov.in) വിലാസത്തിലോ അറിയിക്കാവുന്നതാണ്.