കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുവീണ്ടുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വിന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും ആണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടത്തില്‍ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്നിരുന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ശ്വാസകോശം, ഹൃദയം, കരള്‍ ഉള്‍പ്പെടെ ആന്തരിക അവയങ്ങള്‍ക്ക് ഗുരുതരക്ഷതം സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത് അല്‍പ സമയത്തിനുള്ളിലാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെ വന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ നടത്തിയത്.
തുടര്‍ന്ന് ഒരുമണിയോടെയാണ് ഇവരെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിലെത്തിയത്.