/sathyam/media/media_files/LZ4eEel9qBuFMYBYAm7Q.jpg)
തിരുവനന്തപുരം: ഭൂമി റീസര്‍വേ ചെയ്യുന്നതിന് സര്‍ക്കാര്‍ ഫീസ് എന്ന പേരില്‍ കൈക്കൂലി വാങ്ങിയ മുന്‍ വില്ലേജ് അസിസ്റ്റന്റിനെതിരേ കേസെടുത്ത് വിജിലന്‍സ്. തിരുവനന്തപുരം മണക്കാട് വില്ലേജ് ഓഫീസില്‍ അസിസ്റ്റന്റായിരുന്ന ഗിരീശനെതിരേയാണ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
മണക്കാട് വില്ലേജ് പരിധിയില്‍ പരാതിക്കാരിയുടെ അമ്മയുടെ പേരിലുണ്ടായിരുന്ന 67 സെന്റ് ഭൂമി റീസര്‍വേ ചെയ്ത് അതിര്‍ത്തി നിര്‍ണയിച്ചുകിട്ടുന്നതിന് 2020ല്‍ മണക്കാട് വില്ലേജില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരി വില്ലേജ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍, ബന്ധപ്പെട്ട ഫയല്‍ വില്ലേജ് ഓഫീസര്‍ അന്നത്തെ വില്ലേജ് അസിസ്റ്റന്റായിരുന്ന ഗിരീശനു കൈമാറിയതായി അറിയിച്ചു.
തുടര്‍ന്ന് 2023 ജൂണ്‍ 10ന് ഗിരീശന്‍ സ്ഥല പരിശോധന നടത്തിയ ശേഷം റീസര്‍വേയുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് ഫീസ് അടയ്ക്കാനെന്ന വ്യാജേന പണം ആവശ്യപ്പെട്ടു. പരാതി എത്തിയതോടെ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരിയില്‍നിന്ന് രണ്ടു തവണകളായി 25,000 രൂപ ഗൂഗിള്‍ പേ മുഖാന്തരം വാങ്ങിയെടുത്തുവെന്നു കണ്ടെത്തി.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇയാള്‍ക്കെതിരെ മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാരും പറയുന്നു.