Advertisment

ബ്രിട്ടീഷ് നേവി അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം; വിഴിഞ്ഞത്തെത്തിച്ചു

രണ്ട് ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികളെത്തിയത്. ഓരോ ബോട്ടിനും 25,000 ബ്രിട്ടീഷ് പൗണ്ട് പിഴ ചുമത്തി.

New Update
indian fishermens british.jpg

ബ്രിട്ടീഷ് സമുദ്രാതിര്‍ത്തിയില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശികളായ 35 മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം. ഇവരെ ബ്രിട്ടീഷ് നേവി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി. സെപ്റ്റംബര്‍ 29 ന് ആണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ഇന്ത്യന്‍ ടെറിട്ടറിയില്‍ നിന്ന് 230 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ആഴക്കടല്‍ മത്സ്യബന്ധന കേന്ദ്രങ്ങളിലേക്ക് കടക്കുന്നതിനിടെ ഇവര്‍ പിടിയിലായത്. 

Advertisment

രണ്ട് ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികളെത്തിയത്. ഓരോ ബോട്ടിനും 25,000 ബ്രിട്ടീഷ് പൗണ്ട് പിഴ ചുമത്തി. പിഴ അടക്കാത്തതിനെ തുടര്‍ന്ന് ഒരു ബോട്ട് പിടിച്ചെടുത്തു. പിന്നാലെ മറ്റൊരു ബോട്ടും 35 മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു. പിടിയിലായ മത്സ്യത്തൊഴിലാളികളെ പട്രോളിംഗ് കപ്പലായ ഗ്രാമ്പിയന്‍ എന്‍ഡ്യൂറന്‍സിലും അവരുടെ സ്വന്തം മത്സ്യബന്ധന ബോട്ടിലും കയറ്റിയാണ് വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നത്. 

തുടര്‍ന്ന് പുറങ്കടലില്‍ കാത്തുനിന്ന ഗ്രാമ്പിയന്‍ എന്‍ഡ്യൂറന്‍സില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ അനഗ്, സി 441 എന്നിവയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകുന്നേരം 7:30 ഓടെ ഇവരെ വിഴിഞ്ഞത്ത് എത്തിച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏകദേശം 640,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 58 ദ്വീപുകളുടെ ഒരു ദ്വീപസമൂഹമാണ് ബ്രിട്ടീഷ് ഇന്ത്യന്‍ ടെറിട്ടറി. ലണ്ടനില്‍ നിന്ന് ഭരിക്കുന്ന ഒരു ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറിയാണിത്. ഇതിന്റെ ഏകദേശം പകുതി കിഴക്കന്‍ ആഫ്രിക്കയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.

അതേസമയം മാലദ്വീപില്‍ പിടിയിലായ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ഇടപെടല്‍ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേന്ദ്രത്തിന് കത്തയച്ചു. മാലദ്വീപ് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത 12 മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി മാലദ്വീപ് അധികൃതരുമായി ചര്‍ച്ച ചെയ്യണമെന്നും വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് അയച്ച സ്റ്റാലിന്‍ കത്തില്‍ പറയുന്നു.

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ നിന്ന് ഒക്ടോബര്‍ 1 ന് ആണ് 12 പേരും മത്സ്യബന്ധനത്തിന് പോയത്. ഇവരെ ഒക്ടോബര്‍ 23 ന് മാലദ്വീപ് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

'01.10.2023 ന് തൂത്തുക്കുടി ജില്ലയിലെ തരുവായിക്കുളം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്ന് IND-TN-12-MM-6376 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള യന്ത്രവത്കൃത ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയി. 23.10.2023 ന് തിനാദൂ ദ്വീപിന് സമീപം മാലദ്വീപ് കോസ്റ്റ് ഗാര്‍ഡ് അവരെ പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍, തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടിനെയും എത്രയും വേഗം മോചിപ്പിക്കുന്നതിന് ഉചിതമായ നയതന്ത്ര മാര്‍ഗങ്ങളിലൂടെ മാലിദ്വീപ് അധികൃതരുമായി വിഷയം ചര്‍ച്ചചെയ്യാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ''സ്റ്റാലിന്‍ കത്തിലെഴുതി.

 

#latest news #british
Advertisment