നടത്തിപ്പിന് പണമില്ല; 700 കോടി കണ്ടെത്താന്‍ ബൈജു രവീന്ദ്രന്‍, ശമ്പളം നല്‍കാന്‍ വീട് പണയപ്പെടുത്തി

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് 'ബൈജൂസ്' കടന്നുപോകുന്നത്. 1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണിന്റെ പലിശ മുടങ്ങിയതോടെ നിയമപോരാട്ടത്തില്‍ കൂടിയാണ് സ്ഥാപനം.

New Update
byju's learning app

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വീട് പണയ പ്പെടുത്തി എഡ്‌ടെക് കമ്പനി 'ബൈജൂസ്' സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ബെംഗളൂരുവില്‍ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകള്‍, നിര്‍മ്മാണത്തിലിരിക്കുന്ന വില്ല എന്നിവയാണ് പണയപ്പെടുത്തിയത്. 15,000 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ആവശ്യമായ 12 മില്ല്യണ്‍ ഡോളര്‍ ശേഖരിക്കുന്നതിനാണ് വീട് പണയം വെക്കേണ്ടിവന്നത്.

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് 'ബൈജൂസ്' കടന്നുപോകുന്നത്. 1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണിന്റെ പലിശ മുടങ്ങിയതോടെ നിയമപോരാട്ടത്തില്‍ കൂടിയാണ് സ്ഥാപനം. 2022 ജൂലൈയില്‍ 22.5 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് ആയിരുന്നു 'ബൈജൂസ്'.

അതിനിടെ മാര്‍ച്ച് വരെയുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 600-700 കോടി രൂപ ശേഖരിക്കാനുള്ള നീക്കങ്ങള്‍ കൂടി കമ്പനി നടത്തിവരികയാണ്. പ്രതിമാസം ശമ്പളം നല്‍കുന്നതിന് ഉള്‍പ്പെടെ 50 കോടി രൂപ കമ്പനി കണ്ടെത്തേണ്ടതുണ്ട്. മാര്‍ച്ച് മാസത്തോടെ പ്രതിസന്ധി ലഘൂകരിക്കാനാവുമെന്നാണ് പ്രതീക്ഷ.

ഡിസംബര്‍ 20 ന് കമ്പനിയുടെ വാര്‍ഷിക ജനറല്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. 160 കോടി സ്പോണ്‍സര്‍ഷിപ്പ് കുടിശ്ശികയായി ബിസിസിഐക്ക് തിരിച്ചടവ് ഷെഡ്യൂള്‍ സമര്‍പ്പിക്കാനുള്ള പ്രക്രിയയിലാണ് കമ്പനി. നിലവിലുള്ള നിക്ഷേപകരും കമ്പനിയിലേക്ക് ഫണ്ട് നിക്ഷേപിക്കുമെന്ന് ബൈജൂസ് പ്രതീക്ഷിക്കുന്നുണ്ട്.

byjus
Advertisment