കേന്ദ്ര ബജറ്റ് നാളെ, കേരളത്തിനു പ്രതീക്ഷയേറെ. എയിംസും അതിവേഗ പാതയും ലഭിക്കാനുള്ള സാധ്യതയേറെ. വിഴിഞ്ഞത്തിനും ശബരി പാതയ്ക്കും തുക വകയിരുത്തുമോ

New Update
Union Budget 2025

കോട്ടയം: കേന്ദ്ര ബജറ്റ് നാളെ, പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കേരളം. എയിംസും അതിവേഗ പാതയും രണ്ടു വമ്പന്‍ പ്രഖ്യപാനങ്ങള്‍ ബജറ്റില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വളരെക്കാലമായി കേരളം പ്രതീക്ഷിക്കുന്ന ഒന്നാണ് എയിംസ്.
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014 ലാണു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് കിനാലുരില്‍ എയിംസിനായി ഭൂമി കണ്ടെത്തുകയും ചെയ്തു. എന്നാല്‍, പ്രഖ്യാപിച്ചു പതിറ്റാണ്ട് കഴിഞ്ഞിട്ടും എയിംസ് യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

Advertisment

AIIMS coming to Kerala, says Union Minister Suresh Gopi

സംസ്ഥാനത്ത് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് കിനാലൂരില്‍ ഭൂമിയടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടും എയിംസെന്നതു സ്വപ്നമായി തുടരുകയാണ്. എയിംസിനായി 200 ഏക്കര്‍ ഭൂമിയാണു സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതില്‍ 150ഏക്കര്‍ ഭൂമി ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്കു കൈമാറി. ഭാവി വികസനം കണക്കിലെടുത്ത് 100 ഏക്കര്‍ ഭൂമി സ്വകാര്യവ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കഴിഞ്ഞ ബജറ്റ് സമയത്ത് അടുത്ത വര്‍ഷം അവതരിപ്പിക്കാമെന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

express-rail

അതേസമയം, അതിവേഗ പാതാ പ്രഖ്യാപനവും ഇത്തവണ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍.ആര്‍.ടിഎസ് മോഡല്‍, ഇ. ശ്രീധരന്‍ പ്രഖ്യപിച്ച അതിവേഗ പാതയുമാണു കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. കേന്ദ്രം പ്രഖ്യാപിക്കുന്ന ഏതു പദ്ധതിക്കും കൈകൊടുക്കാമെന്നാണു സര്‍ക്കാര്‍ നിലപാട്.

സംസ്ഥാനം ഏറെ പ്രതീക്ഷിക്കുന്ന മറ്റൊരു പദ്ധതിയാണു ശബരി റെയില്‍ പാത. അങ്കമാലിശബരി റെയില്‍പാത മരവിപ്പിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതും ഈ ബജറ്റില്‍ പ്രതീക്ഷവെക്കാന്‍ കാരണമാണ്.

OIP (1)

കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, പദ്ധതി മരവിപ്പിച്ച നടപടി പിന്‍വലിക്കാത്തിനാല്‍ ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിക്കാനായില്ല. 1998ലാണ് പദ്ധതി അനുവദിച്ചത്. ഇക്കുറി പാത വിഴിഞ്ഞത്തേക്കു നീട്ടുമെന്ന പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. 

വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക വിഹിതവും സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. വിഴിഞ്ഞത്ത് റെയില്‍  കണക്റ്റുവിറ്റി, തുറമുഖവുമായി ചേര്‍ന്നു വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റര്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ് തുടങ്ങി വിവിധ മേഖലകളിലായി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അനുബന്ധ വികസനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണു കേരളത്തിന്റെ ആവശ്യം.

Advertisment