കോട്ടയം : മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നും പീഡിപ്പിക്കപ്പെട്ട് ഭാരതത്തിൽ അഭയം തേടിയ അന്നാട്ടിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു ക്രൈസ്തവ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതാണ് പുതിയ നിയമ ഭേദഗതിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു
പീഡിതരായ ഹിന്ദു ക്രൈസ്തവ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിൽ എന്താണ് തെറ്റ്. 2014ന് മുമ്പ് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ ബംഗ്ലാദേശ് രാജ്യങ്ങളിലെ കൊടിയ പീഡനം സഹിക്കാനാവാതെ കുടിയേറിയ ഹിന്ദു ക്രൈസ്തവ ജന വിഭാഗത്തിലുള്ളവർക്ക് പൗരത്വം നൽകുന്നതിൽ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദു ക്രൈസ്തവ സഹോദരങ്ങൾക്ക് പൗരത്വം ലഭിക്കാതിരിക്കുന്നതിനായി
നികുതി പണം ഉപയോഗിച്ച് സുപ്രീംകോടതിയിൽ നിയമ പോരാട്ടത്തിന് തയാറായ
സംസ്ഥാന സർക്കാർ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വഞ്ചനയാണ്
എന്നാൽ ഇവിടെ വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് എൽഡിഎഫും മുഖ്യമന്ത്രിയും ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്.
എട്ടുവർഷത്തെ ഭരണപരാജയം മറച്ചുവെച്ച് മുസ്ലിം ജനവിഭാഗത്തിൻ്റെ വോട്ട് തെറ്റിദ്ധരിപ്പിച്ച് നേടുന്നതിനായി മുഖ്യമന്ത്രി കൗശലപരമായി നീങ്ങുകയാണ്.
പൗരത്വ നിയമ ഭേദഗതി വിരുദ്ധസമ്മേളനങ്ങളിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായകരമാകുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി തീവ്രവാദ പ്രവർത്തനങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റായി അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൗരത്വ നിയമഭേദഗതിയിലൂടെ സംസ്ഥാനത്തെ ഏതെങ്കിലും മുസ്ലിം സമുദായ അംഗത്തിൻ്റെ പൗരത്വം റദ്ദാക്കി എന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ പി കെ കൃഷ്ണദാസ് വെല്ലുവിളിച്ചു. ഭരണപരാജയവും വർധിച്ചുവരുന്ന ഭരണവിരുദ്ധ വികാരവും മറച്ചുവെക്കാൻ മുഖ്യമന്ത്രി സംസ്ഥാനത്ത് കടുത്ത വർഗീയ പ്രചരണം നടത്തുകയാണ്.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി മുഖ്യമന്ത്രി നടത്തുന്ന പ്രചരണം കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഗുരുതരവും ദൂരവ്യാപകവുമായ ഭവിഷ്യത്ത് സൃഷ്ടിക്കും. പൗരത്വ നിയമഭേദഗതി വിരുദ്ധ സമ്മേളനങ്ങളിലെ മുഖ്യമന്ത്രിയുടെ പ്രസംഗം മുസ്ലിം ജനവിഭാഗത്തെ വ്രണപ്പെടുത്തുന്നതും മതവികാരം ആളിക്കത്തിക്കുന്നതുമാണ്. മുസ്ലീങ്ങളുടെ പൗരത്വം അപകടത്തിൽ ആണെന്നും പൗരത്വം റദ്ദാക്കി പാക്കിസ്ഥാനിലേക്ക് അയക്കും എന്നുമുള്ള തരത്തിലുള്ള പ്രസംഗം തീർത്തും തെറ്റിധാരണ ജനകവും ദേശവിരുദ്ധവുമാണ്.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് എൽഡിഎഫ് സമ്മേളനങ്ങൾ വ്യാപകമായി സംഘടിപ്പിക്കുന്നത്. ഇത്തരം സമ്മേളനങ്ങളിലെ മുഖ്യ പ്രസംഗകനും ഉദ്ഘാടകനും മുഖ്യമന്ത്രി തന്നെയാണ്. സമ്മേളനങ്ങളിലെ പ്രസംഗം ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിലും മുഖ്യമന്ത്രി ആവർത്തിച്ചിരിക്കുന്നുവെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
'കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പത്മകുമാർ പങ്കെടുത്തു.