മലപ്പുറം: മലപ്പുറം അരീക്കോട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ തൊഴിലാളികള്‍ മരിച്ചത് ടാങ്കില്‍ മുങ്ങിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ശ്വാസകോശത്തില്‍ രാസമാലിന്യം കലര്‍ന്ന ദ്രാവകം കണ്ടെത്തി എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിച്ച തൊഴിലാളികള്‍ വിഷമാലിന്യം ശ്വസിച്ചുവെന്നും നിഗമനമുണ്ട്.
മരിച്ച രണ്ട് തൊഴിലാളികളുടെ പോസ്റ്റ്മോര്‍ട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇവരുടെ ശരീരത്തില്‍ നിന്ന് രാസമാലിന്യം കലര്‍ന്ന ദ്രാവകത്തിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ടാങ്കിനകത്തുളള രാസമാലിന്യം കലര്‍ന്ന ദ്രാവകം അകത്തുപോയതാണ് മരണകാരണമെന്നാണ് ഫോറന്‍സിക് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ടാങ്കില്‍ മുട്ടിന് താഴെ വരെ മാത്രമാണ് വെളളമുണ്ടായിരുന്നത്. പിന്നെ എങ്ങനെയാണ് അപകടത്തില്‍പ്പെട്ടത് എന്ന പരിശോധനയിലാണ് ടാങ്കിനകത്ത് വലിയ തോതില്‍ വിഷവാതകങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.
ഇത് ശ്വസിച്ച് അബോധാവസ്ഥയിലായ തൊഴിലാളികള്‍ ടാങ്കിലേക്ക് വീഴുകയും വിഷദ്രാവകം ശരീരത്തില്‍ കലരുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് നിഗമനം.