ബീജിംഗ്:ചൈനയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി ഉയര്‍ന്നതായി ചൈനീസ് സ്റ്റേറ്റ് മീഡിയ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ബീജിംഗിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.
ബീജിംഗിലെ മിയുന്‍ ജില്ലയില്‍ 28 പേരും യാങ്കിംഗ് ജില്ലയില്‍ രണ്ട് പേരുമാണ് മരിച്ചത്. കൂടാതെ ബീജിംഗില്‍ 80,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, ഇതില്‍ മിയുണിലെ ഏകദേശം 17,000 പേരുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഹെബെയ്യിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചതായും എട്ട് പേരെ ഇപ്പോഴും കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നദികളുടെ ജലനിരപ്പ് ഉയരുന്നതിനാല്‍ നദിക്കരകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മിയുണില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കാറുകള്‍ ഒലിച്ചുപോവുകയും വൈദ്യുതി തൂണുകള്‍ തകരുകയും ചെയ്തിരുന്നു.
ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് തിങ്കളാഴ്ച മിയുണിലെ വെള്ളപ്പൊക്കം ''ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക്'' കാരണമായതായി വ്യക്തമാക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആഹ്വാനം ചെയ്യുകയും ചെയ്തു.
ആളുകളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാനും സ്‌കൂളുകള്‍ അടക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഔട്ട്‌ഡോര്‍ ടൂറിസവും നിര്‍ത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്.