കാലാവസ്ഥാവ്യതിയാനവും പ്ലാസ്റ്റിക് മാലിന്യവും സമുദ്രജൈവവൈവിധ്യത്തിന് ഭീഷണി ഉയർത്തുന്നു: ശാസത്രജ്ഞർ

New Update
maraine stwenship

കൊച്ചി: കാലാവസ്ഥാവ്യതിയാനവും പ്ലാസ്റ്റിക് മാലിന്യവും സമുദ്രജൈവ വൈവിധ്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്നതായി ശാസ്ത്രജ്ഞർ. ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കിടയിൽ നടത്തിയ ആഗോള സർവെയിലാണ് ഈ വെളിപ്പെടുത്തൽ. ലോക സമുദ്രദിനത്തിന് (ജൂൺ 8)  മുന്നോടിയായി മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിലാണ് (എം എസ് സി) 58 വിദഗ്ധർക്കിടയിൽ സർവേ നടത്തിയത്.

കാലാവസ്ഥാവ്യതിയാനമാണ് കടൽ ആവാസവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കടലിൽ ചൂട് കൂടൽ,
സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയവ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ്.  മാലിന്യം, ആവാസകേന്ദ്രങ്ങളിലെ മാറ്റങ്ങൾ എന്നിവയും പ്രധാന ഭീഷണികളാണ്.

സമുദ്രോപരിതല താപനില കൂടുന്നതും ചുഴലിക്കാറ്റുകളിലുണ്ടായ വർധനവും പ്രധാന വെല്ലുവിളികളാണെന്ന് ഇന്തയിൽ നിന്ന് സർവേയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇത് കടലിലെ ഭക്ഷ്യശൃംഖലയെ ദോശകരമായി ബാധിക്കുന്നു. അതുവഴി മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ഭീഷണിയാകുന്നു.  

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് കൂടിവരികയാണ്. ഇതാണ് ചുഴലിക്കാറ്റുകൾ പോലുള്ളവ വർധിക്കാനിടയാക്കുന്നത്. കടലിൽ ചൂട് കൂടുന്നത് മീനുകളുടെ ഉൽപാദനക്ഷമതയെ സാരമായി ബാധിക്കുന്നു. വാണിജ്യ പ്രാധാന്യമുള്ള പല മീനുകൾ കുറയാനും കാരണമാകുന്നുണ്ടെന്ന് സസ്റ്റയിനബിൾ സീഫുഡ് നെറ്റ് വർക് ഓഫ് ഇന്ത്യ ചെയർമാൻ ഡോ സുനിൽ മുഹമ്മദ് പറഞ്ഞു. അദ്ദേഹമുൾപ്പെടെ മൂന്ന് പേരാണ് ഇന്ത്യയിൽ നിന്ന് സർവേയിൽ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

ഇന്ത്യയുടെ സമുദ്രമത്സ്യ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്ലാസ്റ്റിക് മാലിന്യമാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. കരയിൽ നിന്നും ധാരാളമായി പ്ലാസ്റ്റിക്കുകൾ കടലിലെത്തുന്നത് വർധിച്ചുവരികയാണ്. തീരക്കടലുകളിലെ മത്സ്യബന്ധനം നടത്തുന്ന ചെറുകിട മത്സ്യത്തൊഴിലാളികളെ ഇത് സാരമായി ബാധിക്കുന്നു. തീരക്കടലുകളിൽ നിന്നുള്ള മത്സ്യബന്ധനവലകളിൽ 5 ശതമാനം വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നതായും സർവേ ഫലം പറയുന്നു.

കുഫോസ് വകുപ്പ് മേധാവി ഡോ എം കെ സജീവൻ, കുസാറ്റ് അസോസിയേറ്റ് പ്രൊഫസർ ഡോ എസ് ബാബു എന്നിവരാണ് ഇന്ത്യയിൽ നിന്ന് സർവേയിൽ പങ്കെടുത്ത മറ്റ് രണ്ട് പേർ.

ശരിയായ ഫിഷറീസ് മാനേജ്‌മെന്റും പാരിസ്ഥിതിക ശ്രദ്ധയുമുണ്ടയാൽ സമുദ്രമേഖലയിലെ ഇത്തരം ഭീഷണികൾ ഒരു പരിധിവരെ ചെറുക്കാമെന്ന് ഇവർ പറഞ്ഞു. വെല്ലുവിളികളെ നേരിടാൻ ശാസത്ര-സാങ്കേതിക രംഗത്തെ മുന്നേറ്റം പ്രതീക്ഷക്ക് വക നൽകുന്നതാണ്. അന്താരാഷ്ട്ര ഉടമ്പടികളും നയരൂപീകരണങ്ങളും ആവശ്യമാണ്-സർവേ ചൂണ്ടിക്കാട്ടി.

സുസ്ഥിര മത്സ്യബന്ധനരീതികൾക്കും സീഫുഡ് വിതരണ ശൃംഖലക്കും ആഗോളതലത്തിൽ അംഗീകൃത മാനദ്ണ്ഡങ്ങൾ നിശ്ചയിക്കുന്ന അന്താരാഷ്ട്ര ഏജൻസിയാണ് എം എസ് സി.

Advertisment