കണ്ണൂർ : കര്‍ഷകരുടെ മേലുള്ള ജപ്തി നടപടികള്‍ക്ക് പിന്നില്‍ ലാന്റ് മാഫിയയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു. ബാധ്യതയുള്ള കര്‍ഷകരുടെ ഭൂമി നിസ്സാര വിലയ്ക്ക് തട്ടിയെടുക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുകയാണ്. ലാന്റ് മാഫിയയും ബാങ്ക് ഉദ്യോഗസ്ഥരുമടങ്ങുന്ന ഈ സംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ ഓപ്പറേഷന്‍ കുബേര മാതൃകയില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഒരു കര്‍ഷകന്റെയും ഒരിഞ്ച് ഭൂമി പോലും തട്ടിയെടുക്കാന്‍ ഈ കൊള്ളക്കാരെ അനുവദിക്കരുതെന്നും മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റി ആലക്കോട് ടൗണില്‍ സംഘടിപ്പിച്ച ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.