/sathyam/media/media_files/2025/12/18/atlas-2025-12-18-15-04-31.jpg)
ആകാശമഹാവിസ്മയം നിരീക്ഷിക്കാനൊരുങ്ങി നാസയിലെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഗവേഷകലോകം. ഡിസംബര്‍ 19ന്, അത്യപൂര്‍വമായ ഒരു വാല്‍നക്ഷത്രം ഭൂമിക്കരികിലൂടെ കടന്നുപോകും. 3I/ATLAS എന്നു പേരിട്ടരിക്കുന്ന ധൂമകേതുവിന്റെ യാത്ര സുരക്ഷിതമാണെന്നും ഭൂമിയെ ഇതു ബാധിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ESA) യുടെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 1.8 ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് (ഏകദേശം 270 ദശലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ 168 ദശലക്ഷം മൈല്‍) അകലെയായിരിക്കും വാല്‍നക്ഷത്രത്തിന്റെ സഞ്ചാരപഥം. ചിലിയില്‍ നാസയുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ATLAS ടെലിസ്‌കോപ്പ് ആണ് 2023 ജൂലൈ ഒന്നിന് വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. 2017-ല്‍ 1I/Oumuamua, 2019ല്‍ 2I/Boriosv നും ശേഷം നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ സ്ഥിരീകരിച്ച ഇന്റര്‍സ്റ്റെല്ലാര്‍ വസ്തുവാണിത്. നമ്മുടെ സൗരയൂഥത്തിന് അപ്പുറത്തുനിന്നാണ് വരുന്നതെന്നും ബഹിരാകാശത്തേക്കു തിരികെ പോകുമെന്നും സ്‌പേസ് ഏജന്‍സി സ്ഥിരീകരിക്കുന്നു.
കൗതുകരമായ നിരവധി വിവരങ്ങള്‍ ധൂമകേതുവിനെക്കുറിച്ച് ഗവേഷകര്‍ പങ്കുവയ്ക്കുന്നു. ഭൂമിയോട് അടുക്കുമ്പോള്‍ നക്ഷത്രാന്തരവസ്തുവിന് പച്ച നിറമാകുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പ് പകര്‍ത്തിയ ചിത്രത്തില്‍നിന്നാണ് ധൂകേതു പച്ചനിറം പ്രാപിക്കുന്നതു കണ്ടെത്തിയത്.
നഗ്‌നനേത്രങ്ങള്‍ക്ക് ഈ ധൂമകേതു ദൃശ്യമാകില്ല. ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുന്നതുമല്ലെന്നും ഗവേഷകര്‍ പറയുന്നു. നമ്മൂടെ സൗരയുഥത്തിലൂടെ കടന്നുപോകുമ്പോള്‍, സൂര്യതാപമേല്‍ക്കുന്നതിനാല്‍ മഞ്ഞുമൂടിയ കാമ്പില്‍ നിന്ന് പുറന്തള്ളുന്ന പൊടിയും വാതകങ്ങളും സൂക്ഷ്മമായി പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് വലിയ അവസരമാണ് ലഭിക്കുന്നത്. ഇത് നമ്മുടെ സ്വന്തം ഗ്രഹവ്യവസ്ഥയ്ക്ക് പുറത്തുള്ള ഗ്രഹങ്ങളുടെ ഘടനയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കിയേക്കാം.
ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ( Hubble Space Telescope) യും ജൂപ്പിറ്റര്‍ ദൗത്യ ( JUICE Jupiter mission) വും അടുത്തിടെ വാല്‍നക്ഷത്രത്തിന്റെ പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. ഡിസംബര്‍ 18ന് രാത്രി 11 മുതല്‍ 19, പുലര്‍ച്ചെ നാലുവരെ വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ഹോസ്റ്റ് ചെയ്യുന്ന സൗജന്യ ലൈവ് സ്ട്രീം വഴി ധൂമകേതുവിനെ നിരീക്ഷിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us