തിരുവനന്തപുരം : കോന്നിയിൽ നാല് ദിവസങ്ങളായി നടക്കുന്ന സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. നവീൻ ബാബു വിഷയം, ജില്ലയിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത, മൂന്ന് ടേം പൂർത്തിയാക്കി ഒഴിയുന്ന ജില്ലാ സെക്രട്ടറി കെ.പി ഉദഭഭാനുവിന് പകരമാരെന്ന ചോദ്യം എന്നിവ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തന്നെ ചൂടുപിടിച്ച ചർച്ചയാണ്.
പ്രധാനമായും നവീൻ ബാബു വിഷയം, പാർട്ടിക്കുള്ളിലെ വിഭാഗീയത, ലഹരിമാഫിയ സംഘങ്ങളുമായി പാർട്ടിയംഗങ്ങൾക്കുള്ള ബന്ധം എന്നിവയാവും ചൂടേറിയ ചർച്ചകൾക്ക് വഴിതുറക്കുക.
ജില്ലയിലെ ലോക്കൽ, ഏരിയ സമ്മേളനങ്ങളിൽ ചിലയിടത്ത് പ്രാദേശിക വിഭാഗീയത കണ്ടിരുന്നു. ജില്ലാ സമ്മേളനത്തിലേക്ക് വരുമ്പോൾ ഇത് നേതാക്കൾ തമ്മിലുള്ള വടംവലിയായി പരിണമിക്കുമെന്നാണ് ആശങ്ക .
ഉദയഭാനുവിന് പകരക്കാരനായി ആരു വരുമെന്ന ചർച്ചകളാണ് ഇപ്പോൾ സജീവമായിട്ടുള്ളത്. ജില്ലയിൽ അടൂർ ലോബി പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നുവെന്ന ആരോപണം നിലനിൽക്കുകയാണ്.
/sathyam/media/media_files/2024/12/27/Bb3k6P3kr5wsrMzFuZVT.jpg)
എന്നാൽ സ്ഥാനമൊഴിയുന്ന ജില്ലാ സെക്രട്ടറിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന ടി.ജി ബൈജുവിനോട് ഉദയഭാനുവിന് പ്രത്യേക മമതയുണ്ടെന്ന് പറയപ്പെടുന്നു.
സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരുമായി അടുപ്പം പുലർത്തുന്ന തിരുവല്ലയിൽ നിന്നുള്ള ആർ. സനൽകുമാറും പട്ടികയിലുണ്ട്.
/sathyam/media/media_files/2024/12/27/jPTZGMC1TRJjUMlucoYY.jpg)
നിലവിൽ സി.ഐ.ടി.യുവിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷൻ കൂടിയായ പി.ബി ഹർഷകുമാർ, എ.പത്മകുമാർ എന്നിവർക്കും സാദ്ധ്യതയേറെയാണ്.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും റാന്നി മുൻ എം.എൽ.എയുമായ രാജു ഏബ്രഹാമിനെയും പരിഗണിക്കുന്നുണ്ട്. എന്നാൽ മുമ്പ് പിണറായി പക്ഷത്തിന് അനഭിമതനായിരുന്ന ഇദ്ദേഹത്തെ സംസ്ഥാന നേതൃത്വം പിന്തുണയ്ക്കുമോയെന്ന കാര്യവും പറയാനാവില്ല.
പി.ജെ അജയകുമാർ, എ. പത്മകുമാർ, ഓമല്ലൂർ ശങ്കരൻ തുടങ്ങിയ മുതിർന്ന നേതാക്കളിൽ ചിലരും പരിഗണനാപ്പട്ടികയിൽ ഇടം പിടിച്ചു കഴിഞ്ഞു.
മരണപ്പെട്ട നവീൻ ബാബുവിന്റെ കുടുംബത്തിന് മലയാലപ്പുഴയിലടക്കം പാർട്ടിയിൽ വലിയ സ്വാധീനമാണുള്ളത്. അതുകൊണ്ട് തന്നെ പാർട്ടി സംസ്ഥാന നേതൃത്വം ജാഗരൂകരാണ്.
സമ്മേളനത്തിൽ മത്സരം ഒഴിവാക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം മുൻകരുതലെടുത്തു കഴിഞ്ഞു.
/sathyam/media/media_files/LA1UASZnfVDLzUdbgEoT.jpg)
ഇതിന്റെ ഭാഗമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പാർട്ടി കേന്ദ്രക്കമ്മറ്റിയംഗം ഇ.പി ജയരാജൻ, പി.കെ ശ്രീമതി, തോമസ് ഐസക്ക്, പുത്തലത്ത് ദിനേശൻ, ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എൻ വാസവൻ, ടി.പി രാമകൃഷ്ണൻ തുടങ്ങിയ വലിയ നേതൃനിരയ്ക്ക് പുറമേ മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിൽ പങ്കെടുക്കാനെത്തും.
നവീൻ ബാബുവിന്റെ മരണത്തിലടക്കം അതിരുകടന്ന വിമർശനങ്ങൾ ഉണ്ടാവാതിരിക്കാനും പാർട്ടിയിലെ ഐക്യം കാത്ത് സൂക്ഷിച്ച് ജില്ലയിൽ പുതിയ അമരക്കാരനെ കണ്ടെത്തുകയെന്ന ദുഷ്‌ക്കരമായ ലക്ഷ്യം നടപ്പിലാക്കാനും പാർട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ശനിയാഴ്ച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതും ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ കൂടി സാന്നിധ്യത്തിലായിരിക്കുമെന്നും സൂചനയുണ്ട്.
30ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.