പി.എം. ശ്രീ പദ്ധതിയില്‍ വെട്ടിലായി സി.പി.എം. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തു വന്നുവെന്ന് ആരോപിച്ചു കോണ്‍ഗ്രസ്. പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കുമ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ നയം പൂര്‍ണമായി അംഗീകരിക്കേണ്ടി വരും

New Update
pm shri school

കോട്ടയം: പി.എം. ശ്രീ പദ്ധതിയില്‍ വെട്ടിലായി സി.പി.എം, എല്‍.ഡി.എഫിലെ ഘടക കക്ഷിയായ സി.പി.ഐ പരസ്യമായി തന്നെ പദ്ധതിയെ എതിര്‍ത്തു രംഗത്തു വന്നതോടെ സി.പി.എം പ്രതിരോധത്തിലായി. പദ്ധതിയില്‍ ചേരുന്നത് കേന്ദ്ര ആനുകൂല്യങ്ങള്‍ ലഭിക്കാനെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കേണ്ടി വരും.

Advertisment

പി.എം. ശ്രീ  പദ്ധതി സംഘ് പരിവാര്‍ അജണ്ട നടപ്പാക്കാനാണെന്നു ആരോപിച്ചു എല്‍.ഡി.എഫ് പിന്മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍, ഒട്ടും പ്രതീക്ഷിക്കാതയായിരുന്നു സി.പി.എം വിഷയത്തില്‍ മലക്കം മറിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ നഷ്ടമാകുന്ന പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നാണ് വിശദീകരിക്കുന്നതെങ്കിലും വിഷയത്തില്‍ കൂടിയാലോചനകള്‍ നടത്താന്‍ സി.പി.എം തയാറായിരുന്നില്ല. സി.പി.ഐ എതിര്‍പ്പ് പരസ്യമാക്കിയതോടെയാണ് സിപിഐയുടെ എതിര്‍പ്പില്‍ തെറ്റില്ലെന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ വിശീദീകരിച്ചത്.

പിഎം ശ്രീ പദ്ധതിയില്‍ സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തുവന്നിരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആരോപിച്ചു.. ചര്‍ച്ച ചെയ്യാതെ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമെന്നും മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി നോട്ടീസ് അന്തരീക്ഷത്തിലുണ്ടെന്നും സിപിഎം-ബിജെപി ബാന്ധവം ഇതില്‍ നിന്നു വ്യക്തമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേരളം ആദ്യം പി.എം. ശ്രീ പദ്ധതിയെ എതിര്‍ത്തത്. ഓരോ ബ്ലോക്കിലെയും രണ്ട് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഓരോ കോടി രൂപ വീതം അഞ്ചു വര്‍ഷത്തേക്ക് ലഭിക്കുന്ന ഈ പദ്ധതിയില്‍, 'പി.എം. ശ്രീ' ബോര്‍ഡ് സ്‌കൂളുകള്‍ക്കു മുന്നില്‍ സ്ഥാപിക്കണമെന്ന നിബന്ധനയും എതിര്‍പ്പിന് കാരണമായിരുന്നു.


എന്നാല്‍, സംഘ് പരിവാര്‍ അജണ്ടയുടെ പേരില്‍ മാറ്റിവച്ച പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കുമ്പോള്‍ മോദി വിദ്യാഭ്യാസ നയം പൂര്‍ണമായി അംഗീകരിക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാരുമായുള്ള ധാരണാ പത്രത്തിലെ ആദ്യത്തെ ഇനം എന്‍.ഇ.പി  2020 പൂര്‍ണതോതില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും എന്നാണ്. ഈ സ്‌കൂളുകളുടെ പേരില്‍ പി.എം.ശ്രീ എന്നു ചേര്‍ക്കും എന്നാണു രണ്ടാമത്തെ ഇനം.

ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പാക്കുന്ന 14500 മാതൃകാ സ്‌കൂളുകള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണു പി.എം  ശ്രീ. ഈ സ്‌കൂളുകളില്‍ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കും. അധ്യാപകര്‍ക്കു കൃത്യമായ പരിശീലനം നല്‍കിയും നിരന്തരമായ മേല്‍നോട്ടം ഉറപ്പുവരുത്തിയും മികവിന്റെ കേന്ദ്രങ്ങളായി പി.എം ശ്രീ സ്‌കൂളുകളെ മാറ്റും. പ്രത്യേക ഫണ്ടില്‍ 60 ശതമാനം കേന്ദ്രം നല്‍കും.

കേരളം, ബംഗാള്‍, തമിഴ്നാട് ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും പി.എം  ശ്രീ സ്‌കൂളുകള്‍ നിലവില്‍വന്നു കഴിഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പാക്കണമെന്ന നിര്‍ബന്ധത്തോടുള്ള വിയോജിപ്പാണു ബംഗാളും തമിഴ്നാടും പദ്ധതിയില്‍ ചേരാതിരിക്കാനുള്ള കാരണം. ഈ പദ്ധതിയില്‍ ചേരാത്തതിനാല്‍ ഈ സംസ്ഥാനങ്ങള്‍ക്കു സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. തമിഴ്നാട് ഇതിനെ ചോദ്യം ചെയ്തു സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ കേരളം വൈകിയാണെങ്കിലും കേന്ദ്രത്തിന് മുമ്പില്‍ മുട്ടുമടക്കുകയാണ്. കേരളത്തിന് 1466 കോടി രൂപ എസ്.എസ്.എ ഫണ്ടില്‍ ലഭിക്കാനുണ്ടെന്നാണു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചത്.

രാജ്യത്തൊട്ടാകെ 13070 സ്‌കൂളുകള്‍ ഇപ്പോള്‍ പി.എം ശ്രീ പദ്ധതിയിലുണ്ട്. 1311 പ്രൈമറിയും 3152 അപ്പര്‍ പ്രൈമറിയും 3214 സെക്കന്‍ഡറിയും 3856 ഹയര്‍ സെക്കന്‍ഡറിയും സ്‌കൂളുകളാണ് പദ്ധതിയിലുള്ളത്. 913 കേന്ദ്രീയ വിദ്യാലയങ്ങളും 620 ജവഹര്‍ നവോദയ വിദ്യാലയങ്ങളും പദ്ധയില്‍ ചേര്‍ന്നുകഴിഞ്ഞു. കേരളത്തിലെ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയയും പദ്ധതിയുടെ ഭാഗമാണ്.

Advertisment