/sathyam/media/media_files/2025/09/16/samudra-ulpannam-trump-2025-09-16-18-52-20.jpg)
കോട്ടയം: ട്രംപിന്റെ ഇരട്ട നികുതിയല്‍ കേരളത്തിന്റെ സമുദ്രോല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് യു.എസില്‍ കുറയുന്നു. പകരം വിപണി കണ്ടെത്തിയില്ലെങ്കില്‍ ഈ രംഗത്തു നേരിടാന്‍ പോകുന്നത് വലിയ തോതിലുള്ള തൊഴില്‍നഷ്ടം. ധനമന്ത്രി ബി. ബാലഗോപാലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ ഏകദേശം 12-13 ശതമാനം കേരളത്തില്‍ നിന്നാണ്.
നിലവിലുള്ള കൗണ്ടര്‍ വെയിലിങ് തീരുവകള്‍ക്കു പുറമേ യു.എസ് ആന്റി ഡമ്പിങ് തീരുവകള്‍ 1.4 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 20-25 ശതമാനം പിഴ തീരുവ ചെമ്മീന്റെ മൊത്തം തീരുവ ഭാരം 33 ശതമാനത്തിലധികമായി ഉയര്‍ത്തുന്നു. ഇതുമൂലം അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ റദ്ദാക്കല്‍, കോള്‍ഡ് സ്റ്റോറേജുകളിലെ സ്റ്റോക്ക് കുമിഞ്ഞ് കൂടല്‍, സംസ്‌കരണ സംവിധാനങ്ങളുടെ ഉപയോഗ നിരക്ക് 20 ശതമാനത്തില്‍ താഴെയായി കുറയല്‍ തുടങ്ങിയ പ്രത്യാഘാതങ്ങളാണുണ്ടാകുന്നത്.
ദശലക്ഷങ്ങളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. ചെമ്മീന്‍ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളികളില്‍ ഭുരിഭാഗവും വനിതകളുമാണ്. ഇവരുടെ ഉപജീവന മാര്‍ഗം നേരിട്ടു ഭീഷണിയിലാകും. തീരദേശ മേഖലയില്‍ വലിയ തോതിലുള്ള തൊഴില്‍നഷ്ടം സൃഷ്ടിക്കും. ചെറുകിട ഇടത്തരം സംസ്‌കരണക്കാരുടെ നിലനില്‍പ്പ് ഭീഷണിയിലാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇറക്കുമതിത്തീരുവ ഉയര്‍ത്തിയതോടെ നിലവില്‍ വന്ന പുതിയ പ്രതിസന്ധി സമുദ്രോല്‍പ്പന്ന കയറ്റുമതിയെ സാരമായി ബാധിക്കിച്ചിട്ടുണ്ടെന്നു ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ സമ്മതിക്കുന്നു. ആന്ധ്രയിലേയും തമിഴ്നാട്ടിലേയും ചെമ്മീന്‍ കര്‍ഷകര്‍ വിളവെടുക്കുന്ന വനാമി ചെമ്മീന്‍ കേരളത്തിലെത്തിച്ചു പീലിങ്ങ് സെന്ററുകളില്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നതാണു പതിവ് രീതി. ഇത്തരം പീലിങ്ങ് സെന്ററുകള്‍ കൊച്ചിയിലും കോഴിക്കോട്ടുമുണ്ട്. മൂന്നു ബില്യണ്‍ ഡോളറിന്റെ സമുദ്രോല്‍പ്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്കു പ്രതി വര്‍ഷം കയറ്റി അയക്കുന്നത്.
സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ അതിശക്തമായ മല്‍സരമാണ് ഇന്ത്യ നേരിടുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനിനു രണ്ടു തവണയായി 25 ശതമാനം വീതം തീരുവ കൂട്ടിയതിനു പുറമേ ആന്റി ഡമ്പിങ്ങ് ഡ്യൂട്ടിയും കൗണ്ടര്‍ വെയ്ലിങ്ങ് ഡ്യൂട്ടിയുമടക്കം ഏഴു ശതമാനം നികുതി വേറേയും നിലവിലുണ്ട്. ഇക്വഡോര്‍ ചെമ്മീന്‍ കയറ്റുമതിയില്‍ ഇന്ത്യക്ക് അതിശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. അവരുടെ ഇറക്കുമതിച്ചുങ്കം 15 ശതമാനമായിത്തന്നെ ട്രംപ് ഭരണകൂടം നില നിര്‍ത്തിയിരിക്കുകയാണ്.
2022 വരെ ചെമ്മീന്‍ കയറ്റുമതിയില്‍ ഇന്ത്യയായിരുന്നു ഒന്നാമത്. ഇന്ത്യയ്ക്കു സ്ഥാനം നഷ്ടമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇക്വഡോറാണ് അമേരിക്കയിലേക്കുള്ള പ്രധാന കയറ്റുമതിക്കാര്‍. കടുത്ത മല്‍സരം നിലനില്‍ക്കുന്ന മല്‍സ്യ കയറ്റുമതി രംഗത്തു വില കൂട്ടാതെ ചെമ്മീനും മത്സ്യ വിഭവങ്ങളും അയക്കാനാവില്ല. ഇക്വഡോര്‍ വില കുറച്ചു കയറ്റുമതി ചെയ്യുമ്പോള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് അമേരിക്കന്‍ മാര്‍ക്കറ്റില്‍ നിന്നു പിന്‍വാങ്ങേണ്ടി വരുന്നു.
നിലവിലെ സാഹചര്യത്തില്‍ പകരം വിപണി കണ്ടെത്തല്‍ ആയിരിക്കും വ്യാപാരികള്‍ നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളി. അമ്പത് ശതമാനത്തോളം തീരുവ കൂട്ടിയ കൂന്തല്‍ അടക്കമുള്ള മത്സ്യ വിഭവങ്ങളുടെ കയറ്റുമതിയെയും പ്രതിസന്ധി ബാധിക്കും. ഈ മത്സ്യ വിഭവങ്ങള്‍ക്ക് മറ്റിടങ്ങളില്‍ വിപണി കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. പക്ഷേ ചെമ്മീനിന്റെ കാര്യത്തില്‍ അമേരിക്കയിലെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില മറ്റിടങ്ങളില്‍ ലഭിക്കില്ല. മല്‍സ്യ വിഭവങ്ങള്‍ക്ക് വലിയ പ്രിയമില്ലാത്ത ഉത്തരേന്ത്യയില്‍ ചെമ്മീനിനും കൂന്തലിനും മല്‍സ്യ വിഭവങ്ങള്‍ക്കും വിപണി കണ്ടെത്തല്‍ വെല്ലുവിളിയാകും.