Advertisment

‘കൊട്ടിയൂരില്‍ നിന്ന് പിടികൂടിയ കടുവയെ കാട്ടിലേക്ക് തുറന്ന് വിടില്ല’; ഡിഎഫ്ഒ

ഇന്ന് പുലര്‍ച്ചെ നാലിനാണ് വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ ഏഴ് വയസുള്ള ആണ്‍ കടുവ വേലിയില്‍ കുടുങ്ങിയത്.

New Update
tiger at kannur

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാന്‍മലയില്‍ കമ്പി വേലിയില്‍ കുടുങ്ങിയതിനെതുടര്‍ന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് ഡിഎഫ്ഒ അറിയിച്ചു. കടുവയുടെ വലത് വശത്തെ ഉളിപ്പല്ല് ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ കാട്ടില്‍ പോയി ഇരപിടിക്കുകയെന്നതും വെല്ലുവിളിയാണ്. കാട്ടില്‍ തുറന്നുവിടാനുള്ള പൂര്‍ണ ആരോഗ്യം കടുവയ്ക്കില്ലെന്നും മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനമെന്നും ഡിഎഫ്ഒ അറിയിച്ചു. പല്ല് മുമ്പ് പോയതായിരിക്കാമെന്നാണ് കരുതുന്നത്.

Advertisment

 ആരോഗ്യമുള്ള കടുവയാണെങ്കിലും പല്ല് നഷ്ടമായതിനാല്‍ തന്നെ കാട്ടിലേക്ക് വിട്ടാലും ഇരപിടിക്കാന്‍ ഉള്‍പ്പെടെ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യതയുണ്ട്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു. പിടികൂടിയ കടുവയെ വന്യജീവി സങ്കേതത്തില്‍ തുറന്നു വിടാന്‍ പാടില്ലെന്ന് സണ്ണി ജോസഫ് എംഎല്‍എ വനം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ന് പുലര്‍ച്ചെ നാലിനാണ് വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ ഏഴ് വയസുള്ള ആണ്‍ കടുവ വേലിയില്‍ കുടുങ്ങിയത്. പുലര്‍ച്ചെ നാല് മണിക്ക് റബ്ബര്‍ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടത്. മുന്‍ കാലുകളിലൊന്ന് കുരുങ്ങിയ നിലയില്‍ അലറുകയായിരുന്നു കടുവ. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി ജനങ്ങളെ പരമാവധി മാറ്റി നിര്‍ത്തി രക്ഷ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

 രാവിലെ 11 മണിയോടെ വയനാട്ടില്‍ നിന്നും നിന്നെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ദ മയക്കുവെടി വെച്ചു. അര മണിക്കൂറോളം കാത്തിരുന്നു. തുടര്‍ന്ന് മയങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷം കടുവയെ വലയിലാക്കി ലോറിയില്‍ സൂക്ഷിച്ച കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തല്‍ക്കാലം ആറളത്തേക്കായിരിക്കും കടുവയെ കൊണ്ടുപോകുക. തുടര്‍ന്ന് പരിശോധനള്‍ക്ക് ശേഷം മൃഗശാലയിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കും.

kottiyoor
Advertisment