ബെഗുളുരൂ:ധര്‍മസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മാധ്യമ വിലക്ക് ഹൈക്കോടതി തടഞ്ഞു. ധര്‍മസ്ഥല ട്രസ്റ്റിന്റെ പേര് അപകീര്‍ത്തികരമായ രീതിയില്‍ ഉപയോഗിക്കരുതെന്ന സിറ്റി സിവില്‍ സെഷന്‍സ് കോടതിയുടെ ഉത്തരവാണ് റദ്ദാക്കിയത്. അഞ്ചാം ദിവസം നേത്രാവതി സ്‌നാനഘട്ടിനടുത്ത് അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.
ധര്‍മസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ധര്‍മ്മസ്ഥല ട്രസ്റ്റിന്റെയും ട്രസ്റ്റുമായി ബന്ധപ്പെട്ടവരുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ അപകീര്‍ത്തികരമാകുന്ന തരത്തില്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് സിറ്റി സിവില്‍ സെഷന്‍സ് കോടതി നല്‍കിയ ഉത്തരവിലാണ് കര്‍ണാടക ഹൈക്കോടതി ഇടപെടല്‍.
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണഘടനാ വിരുദ്ധമായ നിയന്ത്രണമാണിതെന്ന് കാണിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് എം നാഗപ്രസന്ന കീഴ്‌കോടതി ഉത്തരവ് റദ്ദാക്കിയത്. ഗുരുതരമായ ക്രിമിനല്‍ സാധ്യത ഉള്‍പ്പെടുന്ന വിഷയത്തില്‍, പൊതുജനങ്ങളുടെ അറിയാനുള്ള അവകാശം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
മാധ്യമ വിലക്കിനെതിരെ കുഡ്ല റാം പേജ് എന്ന യൂട്യൂബ് ചാനലാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കീഴ്‌ക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിലെയടക്കം 338 മാധ്യമങ്ങള്‍ക്കാണ് ധര്‍മസ്ഥല ക്ഷേത്ര ട്രസ്റ്റിന് അപകീര്‍ത്തികരമാകുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു.