ഡൽഹി : ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പാമ്പുകടിയേൽക്കുന്ന രാജ്യം ഇന്ത്യയാണ്. ലോകത്ത് ഒരു വർഷം 54 ലക്ഷം പേർക്ക് പാമ്പകടിയേൽക്കുന്നെന്നാണ് കണക്ക്. ഇതിൽ പകുതിയോളം പേർക്ക് വിഷബാധയേൽക്കുന്നു. ലോകമൊട്ടാകെ ഒരു വര്ഷം 80000 മുതൽ ഒരു ലക്ഷം വരെ ആൾക്കാർ പാമ്പുകടിയേറ്റു മരണപ്പെടുന്നുണ്ട്. അതിൽ 58000 ത്തിൽ അധികം മരണം ഇന്ത്യയിലാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലോകാരോഗ്യസംഘടന ഇന്ത്യക്ക് " Snakebite Capital of the World " എന്ന ടാഗ് നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ പാമ്പുകടികളുടെ 90 ശതമാനവും സംഭവിക്കുന്നത് 4 പാമ്പിനങ്ങളിൽ നിന്നാണ്. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, അണലി എന്നിവയാണ് ഇവ. ബിഗ് 4 എന്നാണ് ഈ പാമ്പിനങ്ങൾ ചേർത്ത് അറിയപ്പെടുന്നത്. ഇതിൽ തന്നെ ചേനത്തണ്ടനാണ് ഏറ്റവും കൂടുതൽ കടികൾക്കു കാരണമാകുന്നത്.
ഇന്ത്യയിലെ പാമ്പുകടികളെക്കുറിച്ച് പല ഗവേഷകരും പഠനങ്ങൾ നടത്തിയിട്ടുണ്ട്. പലപ്പോഴും ചെരുപ്പ് ധരിക്കാത്തതാണ് കടി ഏൽക്കുന്നതിൽ സ്വാധീനം ചെലുത്തുന്ന ഒരു കാര്യമായി പറയപ്പെടുന്നത്. ഇന്ത്യയിൽ ഏൽക്കുന്ന പാമ്പുകടികളിൽ നല്ലൊരു ശതമാനവും കാൽവിരലുകളിലാണെന്നത് ഇതിന്റെ തെളിവായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.