ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോള ക്ഷേത്ര സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ് വെട്രി കഴകം (ടി.വി.കെ) സ്ഥാപകനും നടനുമായ വിജയ്. തമിഴ്നാടിനെ അവഗണിക്കുന്നതിനിടെ തമിഴ് അഭിമാനത്തെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണകക്ഷിയായ ഡിഎംകെയും ബിജെപിയും പരോക്ഷ ബന്ധുക്കളാണെന്നും ഇവര്‍ ഒരു രാഷ്ട്രീയ നാടകത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി. തമിഴ് സംസ്‌കാരത്തിനോ ഭാഷയ്ക്കോ ഒരിക്കലും യഥാര്‍ത്ഥ ബഹുമാനം നല്‍കാത്ത ബിജെപിക്ക് ചോള രാജവംശത്തില്‍ പെട്ടെന്ന് താല്‍പ്പര്യം വന്നത് എന്തിനാണെന്ന് വിജയ് ചോദിച്ചു.
ഡിഎംകെ ചോള രാജാക്കന്മാര്‍ക്ക് മതിയായ ബഹുമാനം നല്‍കിയിരുന്നെങ്കില്‍ ബിജെപി ഇപ്പോള്‍ അത് ഏറ്റെടുക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ തമിഴ്നാടിന്റെ താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുകയും സംസ്ഥാനത്തെ ബിജെപിക്ക് ''പണയം വെക്കുകയും'' ചെയ്തുവെന്നും വിജയ് ആരോപിച്ചു.
പുരാതന തമിഴ് നാഗരികതയുമായി ബന്ധപ്പെട്ട ''കീലാടി'' പോലുള്ള പുരാവസ്തു സ്ഥലങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ചോള അഭിമാനം പ്രകടിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നത് ഇരട്ടത്താപ്പാണെന്നും വിജയ് വിമര്‍ശിച്ചു. 2026-ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.