കോട്ടയം: കെ.കെ റോഡ്, കോട്ടയം - പാലാ - കിടങ്ങൂര്‍ തുടങ്ങിയ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി - സ്വകാര്യ ബസുകളുടെയും മത്സരയോട്ടം പതിവ്. കാൽനട യാത്രക്കാരെ പോലും അപകടപ്പെടുത്തും വിധമാണ് ബസുകൾ പായുന്നത്.
കോട്ടയം കൊടുങ്ങൂര്‍ പതിനെട്ടാം മൈലില്‍ ശനിയാഴ്ച വൈകിട്ട് സ്വകാര്യ ബസില്‍ നിന്നും സ്റ്റോപ്പില്‍ ഇറങ്ങിയ യുവതിയുടെ തൊട്ട് സമീപത്തു കൂടിയാണ് ഇടതുവശം വഴി കെ.എസ്.ആര്‍.ടി.സി ബസ് ഓവര്‍ ടേക്ക് ചെയ്തതിരുന്നു.
ഇരു ബസുകളുടെയും ഇടയില്‍പ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഇവിടെ പതിവാണെന്നു നാട്ടുകാര്‍ പറയുന്നു. മത്സര ഓട്ടത്തില്‍ സ്വകാര്യ ബസുകളും ഒട്ടും പിന്നിലല്ല.
റോഡിന്റെ പരിമിതികള്‍ പരിഗണിച്ചും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സ്‌കൂട്ടര്‍ യാത്രക്കാരെ പരിഗണിച്ചുമായിരിക്കണം റോഡിലൂടെ ബസ് ഓടിക്കേണ്ടതെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞിട്ടു ഏറെ നാളായില്ല.
സ്വകാര്യ ബസുകളുമായി മത്സരയോട്ടം വേണ്ടെന്നും അമിത വേഗം വേണ്ടെന്നുമാണ് ഗണേഷ് കുമാര്‍ നിർദേശം നൽകിയത്. കെ.എസ്.ആര്‍.ടി.സിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിലിറക്കിയ വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പക്ഷേ, മന്ത്രിയുടെ വാക്കുകള്‍ക്കു ഡ്രൈവര്‍മാര്‍ നല്‍കുന്നതു പുല്ലുവിലയാണെന്നു തെളിയിക്കുന്നതാണ് ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങള്‍.
ഇരുചക്രവാഹനയാത്രക്കാരുമായും മത്സരിക്കണ്ട. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കരുത്. അമിതവേഗവും വേണ്ട. സമയപ്രകം പാലിക്കാന്‍ ശ്രദ്ധിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കെ.ബി ഗണേഷ് കുമാര്‍ നല്‍കിയത്. റോഡിന്റെ ഇടത് വശത്ത് തന്നെ ബസ് നിര്‍ത്തണം.
എതിരെ വരുന്ന ബസുമായി സമാന്തരമായി നിര്‍ത്തരുത്. കൈകാണിച്ചാല്‍ ബസ് നിര്‍ത്തണമെന്നും ഡീസല്‍ ലാഭിക്കുന്ന തരത്തില്‍ ബസ് ഓടിക്കണം.
നമ്മുടെ റോഡിന്റെ പരിമിതികള്‍ പരിഗണിച്ചും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സ്‌കൂട്ടര്‍ യാത്രക്കാരെ പരിഗണിച്ചുമായിരിക്കണം റോഡിലൂടെ ബസ് ഓടിക്കേണ്ടതെന്നും കെ.ബി ഗണേഷ് കുമാര്‍ പറയുന്നുണ്ട്. എന്നിട്ടും നിർദേശങ്ങൾ അവഗണിച്ച് മത്സര ഓട്ടം തുടര്‍കഥയാവുകയാണ്.