അരികുവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണിതെന്ന് ഡോ. ആര്‍. ബിന്ദു

അരികുവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണിതെന്ന് ഡോ.ആര്‍. ബിന്ദു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ മറികടക്കാന്‍, യുവാക്കള്‍ക്കിടയിലെ സ്‌കില്‍ ഗ്യാപ് പരിഹരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തി വരുന്നു. അസാപ് കേരള പോലുള്ള സംവിധാനങ്ങള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
DR R BINDHU

തിരുവനന്തപുരം: അരികുവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണിതെന്ന് ഡോ.ആര്‍. ബിന്ദു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ മറികടക്കാന്‍, യുവാക്കള്‍ക്കിടയിലെ സ്‌കില്‍ ഗ്യാപ് പരിഹരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തി വരുന്നു. അസാപ് കേരള പോലുള്ള സംവിധാനങ്ങള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും.


Advertisment

പ്രയോഗത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കി അവരുടെ കാര്യപ്രാപ്തി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നു, ആദിവാസി പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള അവസരങ്ങളെ കുറിച്ചുള്ള അവബോധം നല്‍കാനും, ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവോടെ മുന്നേറാനും ഉള്ള പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനായി വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ട്രൈബല്‍ സ്റ്റഡി സെന്ററിനെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. 


ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിനല്‍കുന്ന പ്രവര്‍ത്തനം ഈ സര്‍ക്കാര്‍ കാലത്ത് തന്നെ പൂര്‍ത്തിയാക്കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാലക്കാട് ജില്ലാ ഭരണകൂടവും, അസാപ് കേരളയും റബ്ഫില ഇന്റര്‍നാഷണലിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് സംഘടിപ്പിച്ച സൂപ്പര്‍ 100 പരിപാടിയുടെ സമാപനം ഉദ്ഘടാനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


അസാപ് കേരളയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചതാണ് സൂപ്പര്‍ 100 പ്രോജക്ട് എന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍ നിന്നുമുള്ള 108 പെണ്‍കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കുട്ടികള്‍ക്ക് ശാസ്ത്രത്തോട് അഭിമുഖ്യം തോന്നിപ്പിക്കുക നിലവിലുള്ള തൊഴില്‍ അവസരങ്ങള്‍ എത്രത്തോളം ഉണ്ട് എന്നുള്ളത് മനസ്സിലാക്കി കൊടുക്കുക, ഉപരിപഠനം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുക പുതിയ കാഴ്ചകളും അനുഭവങ്ങളും നല്‍കി അവരുടെ ചിന്തകളുടെ അതിര്‍ വരമ്പുകള്‍ വലുതാക്കുക തുടങ്ങിയവ ആയിരുന്നു 2024 അഗസ്റ്റ് മാസം ആരംഭിച്ച ഈ പ്രോജെക്ടിലൂടെ ലക്ഷ്യമിട്ടത്. 



വിവിധതരം നൈപുണ്യ പരിശീലന പരിപാടികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നടപ്പിലാക്കുകയുണ്ടായി. ആപ്റ്റിട്യൂട് ടെസ്‌റ്, 100 മണിക്കൂറിന്റെ സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ്, 5 ഏകദിന പരിശീലന ക്യാമ്പുകള്‍, 3 റെസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍, 3 എക്‌സ്‌പോഷര്‍ വിസിറ്റുകള്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലിംങ് , സിനിമ സ്‌ക്രീനിങ്ങുകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നല്‍കി.


അസാപ് കേരള ഹെഡ് വിജില്‍ കുമാര്‍ വി വി പ്രൊജക്റ്റ് റിപ്പോര്‍ട്ട് അവതരണം നടത്തി. മലമ്പുഴ എംഎല്‍എ എ.പ്രഭാകരന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍, അസാപ് റബ്ഫില ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ജി. കൃഷ്ണകുമാര്‍, ജിവിഎച്ച്എസ്എസ് അഗളി ഹെഡ്മിസ്ട്രസ് ഷമിമോള്‍ ആര്‍, മുക്കാലി മാനേജര്‍ രാധാകൃഷ്ണന്‍ സി.ബി, പഞ്ചായത്ത് അംഗം പദ്മിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. 

പാലക്കാട് ജില്ലാ കളക്ടര്‍ പ്രിയങ്ക ജി ഐഎസ് സ്വാഗതവും, അസാപ് കേരള ഫണ്ടിംഗ് ഡിവിഷന്‍ ഹെഡ് കമാണ്ടര്‍ വിനോദ് ശങ്കര്‍ നന്ദിയും പറഞ്ഞു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.

Advertisment