ചെന്നൈ:കടല്‍ത്തീരത്തുള്ളവര്‍ സൂക്ഷിക്കുക! കടല്‍ത്തീരത്ത് മനോഹരമായി കാണപ്പെടുന്ന വര്‍ണ്ണാഭമായ ജീവികള്‍ പൊങ്ങിക്കിടക്കുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, അവയെ തൊടരുത്. തൊട്ടാല്‍ പണി പാളും. തമിഴ്‌നാട്ടിലെ ബസന്ത് നഗര്‍ ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സമുദ്ര ഗവേഷകര്‍.
ബ്ലൂ ഡ്രാഗണ്‍സ് എന്ന കടല്‍ പുഴുക്കളെക്കുറിച്ചാണ് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി കടല്‍ത്തീരത്തും , തീരത്തിനടുത്തുള്ള വെള്ളത്തിലും ഗ്ലോക്കസ് അറ്റ്‌ലാന്റിക്കസ് എന്ന ശാസ്ത്രീയ നാമമുള്ള നീല ഡ്രാഗണുകളെ കണ്ടെത്തി.ഇവയുടെ കുത്തേല്‍ക്കുന്നത് കുട്ടികള്‍ക്കും പ്രായമായവരിലും ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് അറിയിപ്പ്. പൂര്‍ണ വളര്‍ച്ചയെത്തിയ നീല ഡ്രാഗണിന് ശരാശരി 3 സെന്റിമീറ്റര്‍ വരെയാണ് നീളമുണ്ടാകുക. അനുകൂല കാലാവസ്ഥയില്‍ ഒരു വര്‍ഷത്തോളമാണ് ഇവയുടെ ആയുസ്സ്.. പോര്‍ച്ചുഗീസ് മെന്‍ ഓഫ് വാര്‍ എന്നിവയടക്കമുള്ള ചെറുജീവികളെ കഴിക്കുന്നത് കൊണ്ടാണ് നീല ഡ്രാഗണുകള്‍ക്ക് വിഷം ഉണ്ടാവുന്നത്.
കൊടുങ്കാറ്റ്, കനത്ത മഴ തുടങ്ങിയ പ്രതിഭാസങ്ങളേ തുടര്‍ന്നാവാം ഇവ കടല്‍ തീരത്തേക്ക് എത്തിയതെന്നാണ് നിരീക്ഷണം. വിഷമുള്ള ഇവയുടെ കുത്തേറ്റാല്‍ കുത്തേറ്റ ഭാഗത്ത് അതികഠിനമായ വേദന, തലകറക്കം, ഛര്‍ദി, അലര്‍ജി, ചുവന്ന് തടിക്കല്‍, ശരീരം കറുത്ത് തടിക്കുക എന്നിങ്ങനെയുളള അസ്വസ്ഥതകളാണ് അനുഭവപ്പെടുകയെന്ന് ഗവേഷകര്‍ പറയുന്നു.തീരത്തിറങ്ങുന്നവര്‍ പരമാവധി ഇവയെ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗവേഷകര്‍ അറിയിച്ചു.
അന്‍പതോളം ബ്ലൂ ഡ്രാഗണുകളെയാണ് ബസന്ത് നഗര്‍ തകര്‍ന്ന പാലത്തിനു സമീപം കണ്ടെത്തിയത്. മിക്കവയും ജീവനോടെയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് അഡയാര്‍ ഭാഗത്തും ഇവയെ കണ്ടെത്തി.തീരത്തെ കടുത്ത ചൂടിനെ അധികകാലം അതിജീവിക്കാന്‍ കഴിയാത്തതിനാല്‍ ഇവ ഉടന്‍ തന്നെ ഉള്‍ക്കടലിലേക്ക് മടങ്ങിപോകുമെന്നാണ് വിലയിരുത്തല്‍.എന്‍വയോണ്‍മെന്റലിസ്റ്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നുള്ള ശ്രീവത്സന്‍ രാംകുമാറാണ് ഈ ജീവികളെ ആദ്യമായി കണ്ടെത്തുകയും , ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തത്.ബ്ലൂ ഡ്രാഗണ്‍സിനെ കാണുന്നത് അപൂര്‍വമാണെന്നും എന്നാല്‍ കോവളം തീരങ്ങളിലും മറ്റും പണ്ട് ഇവയെ കണ്ടെത്തിയതായി രേഖകളുണ്ടെന്നും സെന്‍ട്രല്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ജോ കെ കിഴക്കുടന്‍ പറഞ്ഞു.