മലപ്പുറം: നിലമ്പൂര്‍ മേഖലയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടികൂടി. വിവിധ തരത്തിലുള്ള അലങ്കാര ഇലക്ട്രിക് ലൈറ്റുകള്‍ വില്‍പന നടത്തുന്ന സ്ഥാപനത്തില്‍നിന്നാണ് ബുധനാഴ്ച ഉച്ചയോടെ 31.5 കിലോയോളം തൂക്കമുള്ള രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയത്.
സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ യുണിറ്റുകളില്‍നിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് (ഡിആര്‍ഐ) വിഭാഗത്തിന്റെ നേതൃത്വത്തില്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് എടക്കര ലൈറ്റ് പാലസ് എന്ന സ്ഥാപനത്തില്‍നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചത്.
ഡിആര്‍ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ കൂളിമുട്ടം പുന്നക്കല്‍ തറയില്‍ അരുണ്‍ (37), മേലാറ്റൂര്‍ പാതിരിക്കോട്ട് പിലായിതൊടി ഫദിലുര്‍റഹ്‌മാന്‍ (35), ലൈറ്റ് പാലസിന്റെ ഉടമ മൂത്തേടം കാരപ്പുറം അടുക്കത്ത് വീട്ടില്‍ കബീര്‍ (52), കബീറിന്റെ മകന്‍ റിസ്വാന്‍ (23), പാലേമാട് കരിമ്പന വീട്ടില്‍ കെ. നൗഷാദ് (35), എടക്കര മില്ലുംപടി കിഴക്കേതില്‍ അബ്ദുള്‍ സലാം (56), തൃശൂര്‍ കൊടകര കളത്തിലേക്കത്ത് എസ്. ഗോകുല്‍ (32), പാലോസ് ഉള്ളാട്ടില്‍ മനോജ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത കൊമ്പുകളില്‍ ഒന്നിന് 16.45 കിലോയും മറ്റേതിന് 15 കിലോയും തൂക്കം വരും. കൊമ്പുകള്‍ വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് ഡിആര്‍ഐ സംഘാംഗങ്ങളുടെ പിടിവീഴുന്നത്. പ്രതികളെ മെഡിക്കല്‍ പരിശോധന നടത്തി ഡിആര്‍ഐ സംഘം വനം വകുപ്പിന് കൈമാറി. വനം വകുപ്പാണ് തുടരന്വേഷണം നടത്തുക. ചെന്നൈ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍നിന്നുള്ള 15ഓളം അംഗങ്ങളാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ആനക്കൊമ്പ് പിടിച്ചതിന് ശേഷമാണ് ഇവര്‍ വിവരം വനം വകുപ്പിനെ അറിയിച്ചത്. വനം വകുപ്പുദ്യോഗസ്ഥര്‍ എത്തിയ ശേഷമാണ് പ്രതികളെ എടക്കരയില്‍നിന്ന് നിലമ്പൂര്‍ റെയ്ഞ്ച് ഓഫിസര്‍ക്ക് കൈമാറിയത്. കരുളായി വനത്തില്‍നിന്നാണ് കൊമ്പുകള്‍ ശേഖരിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഇതുപ്രകാരം പ്രതികളെയും തൊണ്ടിമുതലുകളും പിന്നീട് കരുളായി റേഞ്ചിന് കൈമാറി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.