ബംഗളൂരു: വന്‍ലഹരി ശേഖരവുമായി മലയാളി എഞ്ചിനീയര്‍ ബെംഗളുരുവില്‍ പിടിയില്‍. കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് ലഹരി കടത്തിയ ജിജോ പ്രസാദ് (25) ആണ് പിടിയിലായതെന്ന് ബംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് അറിയിച്ചു. കസ്റ്റഡിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ 1.50 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉണ്ടായിരുന്നു. ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് കഴിഞ്ഞ എട്ടിനാണ് ഇയാളെ സിസിബി കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് രണ്ടരക്കിലോ ഹൈഡ്രോപോണിക് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. വീട്ടില്‍ 25 ലക്ഷത്തിലേറെ രൂപ പണമായും സൂക്ഷിച്ചിരുന്നു. ഇയാള്‍ ലഹരി വില്‍പന ഇടപാടുകള്‍ നടത്തിയിരുന്ന മൊബൈല്‍ ഫോണും സിസിബി പിടിച്ചെടുത്തു. ആകെ പിടിച്ചെടുത്ത കഞ്ചാവിന്റെയും മറ്റ് വസ്തുക്കളുടെയും മൂല്യം നാലരക്കോടിയാണെന്നാണ് സിസിബി വ്യക്തമാക്കുന്നത്.
ഗ്രാമിന് 12,000 രൂപയ്ക്കാണ് ഇയാള്‍ ഹൈഡ്രോപോണിക് കഞ്ചാവ് ഇലക്ട്രോണിക് സിറ്റി മേഖലയില്‍ വിറ്റിരുന്നത്. ബൊമ്മസാന്ദ്രയില്‍ താമസിക്കുന്ന ജിജോ പ്രസാദ് സിവില്‍ എഞ്ചിനീയറാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയെന്ന് ഇയാള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
മറ്റൊരു ലഹരി കേസില്‍ എട്ട് മലയാളി യുവാക്കളെ പിടികൂടിയതായും സിസിബി അറിയിച്ചു. ഇവരില്‍ നിന്ന് പിടിച്ചെടുത്തത് 110 ഗ്രാം എംഡിഎംഎയാണ്. കൂടാതെ 10 മൊബൈല്‍ ഫോണുകളും ഒരു ടാബും രണ്ട് കാറുകളും പിടിച്ചെടുത്തു. ആകെ ഇവരില്‍ പിടികൂടിയത് 27 ലക്ഷം രൂപയുടെ ലഹരിവസ്തുക്കളാണ്. യെലഹങ്ക ന്യൂ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
ബംഗളുരുവില്‍ ലഹരിവില്‍പ്പനയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച നൈജീരിയന്‍ പൗരനും അറസ്റ്റിലായി. ബേഗൂരില്‍ നിന്നാണ് നൈജീരിയന്‍ പൗരനായ ക്രിസ്റ്റിന്‍ സോചുരുചുക്പ്‌വു പിടിയിലായത്. ഇയാളില്‍ നിന്ന് പിടിച്ചത് ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയും ഫോണും മറ്റ് വസ്തുക്കളുമാണ്.
ആകെ 2 കോടി രൂപയുടെ വസ്തുക്കള്‍ ഇയാളില്‍ നിന്ന് പിടിച്ചതായി സിസിബി വ്യക്തമാക്കി. ഇതോടെ നഗരത്തില്‍ മൂന്നിടത്തായി നടത്തിയ ലഹരി വേട്ടയില്‍ ഏഴ് കോടിയോളം വില വരുന്ന ലഹരി വസ്തുക്കളടക്കമുള്ളവ പിടികൂടിയിട്ടുണ്ട്.
<iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FPrabhashakan%2Fvideos%2F2131907283904949%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>