/sathyam/media/media_files/zcO2Vm2xjWG71uPCZZo6.jpg)
പട്ടാമ്പി: പാലക്കാട് റെയിൽവേ ഡിവിഷൻ വൈദ്യുതീകരണം പൂർത്തിയായി. ഏറ്റവും ഒടുവിൽ ഷൊർണൂർ മുതൽ നിലമ്പൂർ വരെ 65.12 കിലോമീറ്റര്‍ നീളമുള്ള ബ്രോഡ്ഗേജ് സിംഗിള്‍ ലൈന്‍ വൈദ്യുതീകരണമാണ് ഒടുവിൽ പൂര്‍ത്തിയായത്. 70 കോടി രൂപയാണ് വൈദ്യുതീകരണത്തിന് ചെലവിട്ടത്.
ദക്ഷിണ റെയില്‍വെ പ്രിന്‍സിപ്പല്‍ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എ.കെ. സിദ്ധാര്‍ത്ഥ, റെയില്‍വെ വൈദ്യുതീകരണം ചീഫ് പ്രോജക്ട് ഡയറക്ടര്‍ സമീര്‍ ദിഗെ, എ.ഡി.ആര്.എം എസ്. ജയകൃഷ്ണന്, സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ സന്ദീപ് ജോസഫ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും ട്രയൽ റണ്ണും വിലയിരുത്തി. മേലാറ്റൂരില്‍ ഒരു പുതിയ ട്രാക്ഷന്‍ സബ്സ്റ്റേഷനും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
ഷൊർണൂർ-നിലമ്പൂർ റെയിൽപാത വൈദ്യുതീകരണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റുകളിൽ വലിയ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചെവിക്കൽപടി, കുലുക്കല്ലൂർ, ഏലംകുളം, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലെ ഗേറ്റുകളിൽ ഉയരമുള്ള വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഹൈറ്റ് ഗേജ് നിർമ്മാണം പൂർത്തിയായി.
വാടാനാംകുർശ്ശി, വല്ലപ്പുഴ, ചെറുകര, വാണിയമ്പലം, നിലമ്പൂർ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാവും. ഗേറ്റുകൾക്കിരുവശവുമുള്ള പാതകളിൽ 4.76 മീറ്റർ ഉയരത്തിലാണ് കമാനം നിർമ്മിച്ചത്. ഈ ഉയരത്തിൽ കൂടുതലുള്ള ചരക്കു വാഹനങ്ങൾക്ക് ഗേറ്റുകൾ വഴി കടന്നുപോകാനാവില്ല. 65 കിലോമീറ്റർ ദൂരത്തിലുള്ള റെയിൽപാതയിൽ 10 ഗേറ്റുകളാണുള്ളത്. റെയിൽപാത വൈദ്യുതീകരണത്തിന്റെ ഭാഗമായി റോഡ് മുറിച്ചുപോകുന്ന വൈദ്യുത കമ്പികൾ സംരക്ഷിക്കുന്നതിനാണ് കവാടം നിർമ്മിക്കുന്നത്.