തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് പൊതുയുക്തിയുടെ ലംഘനമാണെന്ന് മാത്രമല്ല, നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പിക്കലിന്റെ ഉദാഹരണവുമാണ്.
പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസ്സില്‍ സംവേദനപരമായ സമീപനം വളര്‍ത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകള്‍ മാറ്റി, മൃദംഗ്, സന്തൂര്‍ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീര്‍ത്തും ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. എന്‍ സി ഇ ആര്‍ ടിയുടെ ഈ തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയുള്ള നടപടിയാണ്.
പാഠപുസ്തകത്തിലെ തലക്കെട്ടുകള്‍ വെറും പേരല്ല, അവ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് തലക്കെട്ടുകള്‍ അര്‍ഹമാണ്. എന്‍ സി ഇ ആര്‍ ടി ഈ തീരുമാനം പുനഃപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യണമെന്നും എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേല്‍പിക്കലുകള്‍ക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വിദ്യാഭ്യാസം അടിച്ചേല്‍പിക്കലിന്റെയല്ല, ശാക്തീകരണത്തിന്റെയും സമവായത്തിന്റെയും ഉപകരണമായിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.