Advertisment

കൊലചെയ്യുമ്പോള്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ ആദ്യം ചുറ്റികകൊണ്ട് തലയ്ക്കടിച്ചു ബോധം കെടുത്തി, പിന്നെ കഴുത്തറത്ത ശേഷം കൈഞരമ്പുകള്‍ അറുത്തുമാറ്റി മരണമുറപ്പിച്ചു, കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി, ശേഷം മീൻകറി കൂട്ടി ചോറുണ്ടു; പ്രണയം നിരസിച്ചതിന് വിഷ്ണുപ്രിയയോട് ശ്യാംജിത്ത് ചെയ്ത ക്രൂരതകേട്ട് കോടതി പോലും നടുങ്ങിപ്പോയി

New Update
പ്രണയപ്പകയില്‍ അരുംകൊല; ശ്യാംജിത്ത് വന്നത് ചുറ്റികയും കത്തിയുമായി; വിഷ്ണുപ്രിയയുടെ ശരീരത്തിൽ 18 മുറിവ്! പ്രതി കുറ്റം സമ്മതിച്ചതായി വിവരം

കണ്ണൂര്‍: എല്ലാം നേരത്തെ നടത്തിയ തയ്യാറെടുപ്പായിരുന്നു. കൊലചെയ്യുമ്പോള്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ ആദ്യം ചുറ്റികകൊണ്ട് തലയ്ക്കടിച്ചു ബോധം കെടുത്തി. പിന്നെ കഴുത്തറത്ത ശേഷം കൈഞരമ്പുകള്‍ അറുത്തുമാറ്റി മരണമുറപ്പിച്ചു. പ്രണയം നിരസിച്ചതിന് വിഷ്ണുപ്രിയയോട് ശ്യാംജിത്ത് ചെയ്ത ക്രൂരതകേട്ട് കോടതി പോലും നടുങ്ങിപ്പോയിരുന്നു. പലതരം കൊലപാതക വാര്‍ത്തകള്‍ കണ്ണൂര്‍ നേരത്തേയും കേട്ടിരുന്നുവെങ്കിലും ഒരു നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തിയതായിരുന്നു വിഷ്ണുപ്രിയയുടെ കൊലപാതകം.അത്രമേല്‍ പൈശാചികം, അതിദാരുണം.

Advertisment

പാനൂരിനടുത്ത വള്ള്യായി ഗ്രാമം മറക്കില്ല ആ ദിവസം. 2022 ഒക്ടോബര്‍ 22 ലെ വെള്ളിയാഴ്ച. പ്രണയം പകയായി വിഷ്ണുപ്രിയ മുന്‍ സുഹൃത്തിന്റെ വൈരാഗ്യത്തിന് ഇരയായപ്പോള്‍ 29 മുറിവുകളാണ് അവളുടെ ദേഹത്തുണ്ടായിരുന്നത്. അതില്‍ പത്തെണ്ണവും മരണത്തിന് ശേഷം സംഭവിച്ചതായിരുന്നു. അതായത് കഴുത്തില്‍ കത്തിയിറക്കിയ ശേഷം മരണമുറപ്പിക്കാന്‍ കൈഞരമ്പുകളെല്ലാം ശ്യാംജിത്ത് മുറിച്ചുവെന്നും പോലീസ് പറയുന്നു. സിനിമയ്ക്കപ്പുറത്തുള്ള സൈക്കോപ്പാത്തായി മാറിയ സംഭവം.

എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു പ്രതി. കത്തിയും ചുറ്റികയും വാങ്ങിവെച്ചു. വിഷ്ണുപ്രിയയുടെ വീട്ടില്‍ ആളൊഴിയുന്ന നേരം കാത്തിരുന്നു. ആ സമയത്താണ് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിക്കുന്നത്. ഇതോടെ വീട്ടില്‍ ആളുണ്ടാവില്ലെന്ന ശ്യംജിത്തിന്റെ കണക്ക് കൂട്ടല്‍ ശരിയാവുകയും ചെയ്തു. വീട്ടിലുള്ളവരെല്ലാം മരണ വീട്ടിലായിരിക്കുമെന്ന് കണക്ക് കൂട്ടി കൊല്ലാനുറപ്പിച്ചെത്തിയ ശ്യാംജിത്തിനെ കൂടുതല്‍ പ്രകോപനമുണ്ടാക്കുന്നതായി വിഷ്ണുപ്രിയയുടെ ഫോണ്‍ വിളി. ശ്യംജിത്ത് എത്തുമ്പോള്‍ മറ്റൊരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകായിരുന്നു യുവതി. ഇത് പ്രതിയെ വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തു.കൃത്യത്തിന് ശേഷവും ഒന്നും സംഭവിക്കാത്ത രീതിയില്‍ വീട്ടിലെത്തി കുളിച്ചുമാറ്റി പിതാവിന്റെ ഹോട്ടലിലെത്തി മീന്‍കറികൂട്ടി ചോറുണ്ടു. ഇവിടെ നിന്നായിരുന്നു അറസ്റ്റ്.

കഴുത്തില്‍ കൊലക്കത്തി വീഴുന്നതിന് മുന്‍പ് വിഷ്ണുപ്രിയയുടെ അവസാന നിലവിളി പ്രതിയെ എളുപ്പത്തില്‍ കുരുക്കുന്നതിന് പ്രധാന തെളിവായെന്നു പറയുന്നു പോലീസ്. ശ്യാംജിത്ത് വീട്ടിലേക്ക് പതുങ്ങിവരുമ്പോള്‍ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ മറ്റൊരു സുഹൃത്തിനോട് വാട്‌സാപ്പില്‍ സംസാരിക്കുകയായിരുന്നു.സംസാരിച്ച് തീരുന്നതിന് മുന്‍പാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്. പോലീസെത്തുമ്പോള്‍ വിഷ്ണുപ്രിയയുടെ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളെ പോലീസ് കണ്ടെത്തി.

പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍, ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. അഞ്ചുവര്‍ഷമായി വിഷ്ണുപ്രിയ സുഹൃത്താണെന്നും അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി.

വിഷ്ണുപ്രിയയുടെ ഫോണില്‍നിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പര്‍ കിട്ടി. നാട്ടില്‍ ആ പേരുള്ള ഒരു സുഹൃത്ത് വിഷ്ണുപ്രിയയ്ക്കുള്ളതായി ബന്ധുക്കള്‍ക്ക് അറിയില്ല. ആ നമ്പര്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പോലീസ് പിന്തുടര്‍ന്നു. എത്തിയത് മാനന്തേരിയില്‍. ആളെ കണ്ടെത്തിയപ്പോള്‍ ഒരു കുലുക്കവുമില്ലാതെ അച്ഛന്‍ നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. പോലീസിനോട് ആദ്യം എല്ലാം നിഷേധിച്ചു. ഒടുവില്‍ രക്ഷയില്ലെന്ന് കണ്ടപ്പോള്‍ എല്ലാം ഏറ്റുപറഞ്ഞു.

കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് ഹോട്ടലില്‍ ജോലിക്ക് നിന്നു. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. സംഭവം നടന്ന് രാവിലെ 10.30-ഓടെയാണ് ഹോട്ടലില്‍ പോയത്. വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതി. കോടതിയില്‍ വാദം നടക്കുമ്പോഴും പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത ഭാവത്തിലായിരുന്നു ശ്യാംജിത്ത്.എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്ന് മറുപടി. ഒടുവില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവും കോടതി പ്രതിക്ക് വിധിച്ചു.

അന്വേഷണം ഇങ്ങനെ

 കേസില്‍ വിസ്തരിച്ചത് വിഷ്ണുപ്രിയയുടെ സഹോദരിമാര്‍, സുഹൃത്ത് വിപിന്‍രാജ് എന്നിവര്‍ ഉള്‍പ്പെടെ 49 സാക്ഷികളെയാണ് വിസ്തരിച്ചത്. സംഭവത്തിന് ദൃക്സാക്ഷികളില്ല. സാഹചര്യത്തെളിവും ശാസ്ത്രീയതെളിവും കണക്കിലെടുത്താണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. സംഭവത്തിന്റെ രണ്ടുദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയില്‍നിന്ന് പ്രതി ഹാമറും കൈയുറയും വാങ്ങി. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സംഭവദിവസം പ്രതി ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ വിചാരണവേളയില്‍ കോടതിഹാളില്‍ എത്തിച്ചു. സാക്ഷികള്‍ വാഹനം തിരിച്ചറിഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളും കോടതിയില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. മൂന്ന് മൊബൈല്‍ കമ്പനികളുടെ നോഡല്‍ ഓഫീസര്‍മാരെ വിസ്തരിച്ചു.

സംഭവദിവസം ഉച്ചയ്ക്ക് പ്രതി ശ്യാംജിത്ത് ബൈക്കില്‍ പാനൂര്‍ ഭാഗത്തേക്ക് പോകുന്നതിന്റെയും തിരിച്ച് വള്ള്യായി ഭാഗത്തേക്ക് വരുന്നതിന്റെയും സിസി.ടി.വി. ദൃശ്യങ്ങള്‍ കണ്ടെടുത്തു. വിഷ്ണുപ്രിയയും സുഹൃത്തും കോഴിക്കോട് പോയപ്പോള്‍ ഒരു തവണ പ്രതി പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മില്‍ നേരത്തേ സംസാരിച്ചതിന്റെ ഫോണ്‍രേഖകള്‍ തെളിവായി കോടതിയില്‍ ഹാജരാക്കി. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കേസിന്റെ വിചാരണ തുടങ്ങി. കേസില്‍ 73 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷന്‍ മൂന്ന് ഫൊറന്‍സിക് വിദഗ്ധരെ സാക്ഷികളായി പുതുതായി ഉള്‍പ്പെടുത്തി വിസ്തരിച്ചു.

Advertisment