/sathyam/media/media_files/2024/11/11/WCBY79yYqzPT7gT67jhl.jpg)
തൊടുപുഴ: ആദിവാസി യുവാവിനെ വീണ്ടും കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. എള്ളുംപുറം സെറ്റിൽമെന്റിലെ ആദിവാസി യുവാവ് സിറിൽ ജോൺസനെ വീണ്ടും കളവായി കഞ്ചാവ്- ഹാഷിഷ് ഓയിൽ കേസിൽ പെടുത്താനുള്ള നീക്കത്തിനെതിരെ മുട്ടം വ്യാപാര ഭവൻ ഹാളിൽ ചേർന്ന ജനകീയ പ്രക്ഷോഭണ സമിതി യോഗം യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
13-10 -2023 ൽ സിറിൽ ജോൺസന്റെ ഓട്ടോറിക്ഷയിൽ കഞ്ചാവും ഹാഷിഷ് ഓയിലും ആരോ വച്ചശേഷം ഇളംദേശം എക്സൈസ് ഓഫീസർ കളവായി കേസെടുക്കുകയും 62 ദിവസം റിമാൻഡ് ചെയ്യുകയും ഉണ്ടായി.
ഈ സംഭവത്തിൽ നാട്ടുകാരും വിവിധ രാഷ്ട്രീയകക്ഷികളും ഊരു കൂട്ടവും ആദിവാസി സംഘടനകളും മുട്ടം ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും വലിയ പ്രക്ഷോഭണം നടത്തുകയും എക്സൈസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കു നിരവധി പരാതികൾ നൽകിയിട്ടുള്ളതാണ്.
തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പ്രാഥമിക അന്വേഷണം നടത്തുകയും സിറിലിന്റെ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ട് ഉന്നതതല അന്വേഷണത്തിന് ശുപാർശ ചെയ്യുകയും എക്സൈസ് ക്രൈം ബ്രാഞ്ച് സെൻട്രൽ സോൺ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി വരികയും ആയിരുന്നു.
നാളിതുവരെയുള്ള അന്വേഷണത്തിൽ സിറിൽ കുറ്റക്കാരനാണ് എന്ന് കണ്ടിട്ടില്ല. എന്നാൽ സിറിലിന്റെ ഓട്ടോറിക്ഷയിൽ കഞ്ചാവും ഹാഷിഷ് ഓയിലും കൊണ്ടു വച്ചവരെയും അതിന്റെ ഉറവിടവും മറ്റും കണ്ടെത്തുന്നതിന് ആരോപണ വിധേയരായവരുടെ മൊബൈൽഫോൺ ടവർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സിറിലിന്റെ പിതാവിന്റെ പേരിലുള്ള വസ്തുവിൽ ഒരു ഗ്യാസ് സിലിണ്ടറിലും വീപ്പയിലുമായി എട്ട് കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും വെച്ചശേഷം കളവായി ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ലെങ്കിലും സിറിലിന്റെ പേര് പറഞ്ഞ് എക്സൈസ് വാർത്ത നൽകിയിട്ടുണ്ട്. കണ്ടെടുത്തിട്ടുള്ള ഗ്യാസ് സിലിണ്ടർ, വീപ്പ ഉൾപ്പെടെയുള്ള തൊണ്ടിസാധനങ്ങളുടെ ഉറവിടം, ഇത് സ്ഥലത്ത് എത്തിച്ച വാഹനം, എക്സൈസ് ഉദ്യോഗസ്ഥന് ലഭിച്ചതായി പറയുന്ന രഹസ്യ വിവരം ഇവയെപ്പറ്റി അന്വേഷിച്ചാൽ യഥാർത്ഥ വസ്തുത പുറത്തു വരുന്നതാണ്.
ആദ്യ കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതിനും നിരപരാധിയായ യുവാവിനെയും കുടുംബത്തെയും പീഡിപ്പിക്കുന്നതിനും ജയിലിൽ അടയ്ക്കുന്നതിനും നടത്തിയിട്ടുള്ള നീക്കത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് 2024 ഡിസംബർ 21 ശനിയാഴ്ച രാവിലെ 10 ന് ഇളംദേശം എക്സൈസ് ഓഫീസിനു മുന്നിൽ ബഹുജന ധർണ്ണ നടത്തുന്നതിനും തീരുമാനിച്ചു. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധമുയർത്താൻ എല്ലാ വിഭാഗം ജനങ്ങളോടും യോഗം ആഹ്വാനം ചെയ്തു.