/sathyam/media/media_files/0m8kctTkRUexPuW0FBXi.jpg)
ചെന്നൈ; മൈചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ ചെന്നൈയില്‍ അഞ്ചു മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. റണ്‍വേ വെള്ളത്തിലായതിനാല്‍ ചെന്നൈ വിമാനത്താവള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മൈചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴയെത്തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റുള്ളവ വഴിതിരിച്ചുവിടുകയും ചെയ്തു. ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറിയതായി ഐഎംഡി പറഞ്ഞു.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 9 മണി വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മൈചൗങ് ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് അടുക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി മുഴുവന്‍ ചെന്നൈയില്‍ കനത്ത മഴ പെയ്തിരുന്നു. മഴയില്‍ വെള്ളക്കെട്ട് രൂക്ഷമാകുകയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയും ചെയ്തു.
കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലെ വിവിധ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. സെന്റ് തോമസ് മെട്രോ സ്റ്റേഷനില്‍ നാലടിയോളം വെള്ളം ഉയര്‍ന്നു. ഇതു കാരണം സ്റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ആലന്തൂരില്‍ നിന്ന് മെട്രോ ട്രെയിനില്‍ കയറാന്‍ യാത്രക്കാര്‍ക്ക് അധികൃത നിര്‍ദ്ദേശം നല്‍കി.
കനത്ത മഴയില്‍ നഗരത്തിലുടനീളം അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി തിങ്കളാഴ്ച ചെന്നൈ പോലീസ് അറിയിച്ചു. വൈദ്യനാഥന്‍ മേല്‍പ്പാലത്തിന് സമീപത്തെ പ്ലാറ്റ്ഫോമില്‍ 70 വയസോളം പ്രായമുള്ള അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഫോര്‍ഷോര്‍ എസ്റ്റേറ്റ് ബസ് ഡിപ്പോയില്‍ നിന്ന് 60 വയസ് പ്രായമുള്ള അജ്ഞാത സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. തമിഴ്‌നാട് ദിണ്ടിഗല്‍ ജില്ലയില്‍ പത്മനാബന്‍ (50) വൈദ്യുതാഘാതമേറ്റ് മരിച്ചു. പാണ്ഡ്യന്‍ നഗറിലെ വീടിനു സമീപം നടക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് ഗണേശന്‍ (70) എന്ന വ്യക്തിയും മരണമടഞ്ഞു. ബസന്റ് നഗറില്‍ മരംവീണ് മുരുകന്‍ (35) മരിച്ചിരുന്നു. കനത്ത മഴയിലും കാറ്റിലും കാനത്തൂരില്‍ പുതുതായി നിര്‍മിച്ച മതില്‍ തകര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'മൈചോങ്' ചുഴലിക്കാറ്റ് സജീവമാണെന്നും ഇപ്പോള്‍ അത് തീവ്ര ചുഴലിക്കാറ്റായി മാറിയെന്നും ഐഎംഡി ഏറ്റവും പുതിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. പടിഞ്ഞാറന്‍ മധ്യഭാഗത്തും അതിനോട് ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും രാവിലെ 11:30 ന് ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ വടക്ക് കിഴക്കും നെല്ലൂരിന് 140 കിലോമീറ്റര്‍ തെക്കുകിഴക്കും തീവ്ര ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇത് ക്രമേണ ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങി തെക്കന്‍ ആന്ധ്രാപ്രദേശ് തീരം നെല്ലൂരിന് ഇടയില്‍ കടക്കാന്‍ സാധ്യതയുണ്ട്. ഡിസംബര്‍അഞ്ചിന് ബപട്ലയ്ക്ക് സമീപമുള്ള മച്ചിലിപട്ടണത്തിലെത്തുമ്പോള്‍ ഇത് കടുത്ത ചുഴലിക്കാറ്റായി മാറുമെന്ന് ഐഎംഡി എക്സിലൂടെ വ്യക്തമാക്കി.