തൃപ്പൂണിത്തുറ സ്ഫോടനം; 4 പേർ കസ്റ്റഡിയിൽ, അമ്പല കമ്മിറ്റി ഭാരവാഹികൾ ഒളിവിൽ

പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്.

New Update
blast thripunithura.jpg

തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍  കേസെടുത്ത് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.  മനപ്പൂര്‍വം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിലെ പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. അമ്പല കമ്മിറ്റിയിലെ മറ്റു ഭാരവാഹികള്‍ ഒളിവിലാണ്. വെടിക്കെട്ട് നടത്താന്‍ കരാറെടുത്ത കരാറുകാരന്‍ ഉള്‍പ്പെടെ ചികിത്സയിലായതിനാല്‍ ഇവരില്‍നിന്നും വിവരങ്ങള്‍ തേടാനായിട്ടില്ല.

Advertisment

പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ നടത്തിപ്പുകാരായ വടക്കുംപുറം കരയോഗത്തിലെയും തെക്കുംപുറം കരയോഗത്തിലെയും അമ്പല കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് പൊലീസ് മനപൂര്‍വം അല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്. പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും അനധികൃതമായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വെടിക്കെട്ടിന് അനുമതിയും നല്‍കിയിരുന്നില്ല.

പടക്ക സംഭരണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പരിക്കേറ്റവരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ പത്തരയോടെ പാലക്കാട്ട് നിന്നും തെക്കുംഭാഗത്തെ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി.

സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.  പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്. അനുമതിയില്ലാതെയാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്പോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്സും സ്ഥിരീകരിച്ചു. 

പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പുണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

 

 

kochi latest news
Advertisment