'സത്യം വിജയിച്ചു': ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി

അന്വേഷണം സെബിയില്‍ നിന്ന് മാറ്റി എസ്ഐടിക്ക് (പ്രത്യേക അന്വേഷണ സംഘം) കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. സെബിയുടെ റെഗുലേറ്ററി ചട്ടക്കൂടില്‍ ഇടപെടാനുള്ള അധികാരം പരിമിതമാണെന്ന് കോടതി പറഞ്ഞു.

New Update
adani group liense


ഹിന്‍ഡന്‍ബര്‍ഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി. കോടതി വിധിയിലൂടെ സത്യം വിജയിച്ചുവെന്ന പറഞ്ഞ അദാനി കോടതിയുടെ തീരുമാനത്തെ പ്രശംസിച്ചു. ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സെബി നടത്തുന്ന അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

Advertisment

അന്വേഷണം സെബിയില്‍ നിന്ന് മാറ്റി എസ്ഐടിക്ക് (പ്രത്യേക അന്വേഷണ സംഘം) കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. സെബിയുടെ റെഗുലേറ്ററി ചട്ടക്കൂടില്‍ ഇടപെടാനുള്ള അധികാരം പരിമിതമാണെന്ന് കോടതി പറഞ്ഞു.

'സെബിയുടെ റെഗുലേറ്ററി ചട്ടക്കൂടിലേക്ക് പ്രവേശിക്കാനുള്ള കോടതിയുടെ അധികാരം പരിമിതമാണ്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ), ലിസ്റ്റിംഗ് ബാധ്യതകള്‍, വെളിപ്പെടുത്തല്‍, എല്‍ഒഡിആര്‍ നിയന്ത്രണങ്ങള്‍ എന്നിവയില്‍ വരുത്തിയ ഭേദഗതികള്‍ അസാധുവാക്കാന്‍ സെബിയെ നിര്‍ദ്ദേശിക്കുന്നതിന് സാധുവായ കാരണങ്ങളൊന്നും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടില്ല. അതിനാല്‍ സെബി നടത്തുന്ന അന്വേഷണം തുടരാം.' - കോടതി പറഞ്ഞു.

'22 വിഷയങ്ങളില്‍ 20 എണ്ണത്തിലും സെബി നടത്തിയ അന്വേഷണം പൂര്‍ത്തിയായി. സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പ് കണക്കിലെടുത്ത്, മറ്റ് രണ്ട് കേസുകളിലും മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ സെബിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.' - കോടതി പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ നിക്ഷേപകരുടെ താല്‍പര്യം ശക്തിപ്പെടുത്തുന്നതിന് സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരും സെബിയും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ അടിസ്ഥാനരഹിതമായ വാര്‍ത്താ റിപ്പോര്‍ട്ടുകളെയും മൂന്നാം കക്ഷി സംഘടനകളെയും ആശ്രയിച്ച്, ഒരു നിയമാനുസൃത റെഗുലേറ്ററിയുടെ അന്വേഷണത്തെ സംശയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

മതിയായ ഗവേഷണങ്ങള്‍ നടത്താതെയും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളെയും അടിസ്ഥാനമാക്കി പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്ന അഭിഭാഷകരെ സുപ്രീം കോടതി വിമര്‍ശിച്ചു. അഭിഭാഷകരായ വിശാല്‍ തിവാരി, എം.എല്‍. ശര്‍മ, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍, അനാമിക ജയ്സ്വാള്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. 

മോദി സര്‍ക്കാരിനോട് അടുപ്പമുള്ളവരായി കണക്കാക്കപ്പെടുന്ന അദാനി ഗ്രൂപ്പ്, അവരുടെ ഓഹരി വില വര്‍ദ്ധിപ്പിക്കുന്നതിനായി ഇടപെടല്‍ നടത്തിയെന്നും പിന്നീട്, ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിന് ശേഷം വിവിധ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

gautham adani
Advertisment