തിരുവനന്തപുരം: മാന്‍ഹോളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ 'ബാന്‍ഡികൂട്ട്' റോബോട്ടിന്‍റെ നിര്‍മ്മാതാക്കളായ ജെന്‍ റോബോട്ടിക്സ് ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ സോളിനാസ് ഇന്‍റഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിയമ നടപടി ആരംഭിച്ചു. തങ്ങളുടെ ഉടമസ്ഥതയിലുള്ള സാങ്കേതികവിദ്യയുടെ പേറ്റന്‍റ് ലംഘനവുമായി ബന്ധപ്പെട്ടാണ് നടപടി.
റോബോട്ടിക് മാന്‍ഹോള്‍ ക്ലീനിംഗ് സാങ്കേതികവിദ്യയ്ക്ക് പേറ്റന്‍റ് സ്വന്തമാക്കിയിട്ടുള്ള ജെന്‍ റോബോട്ടിക്സ് തങ്ങള്‍ക്ക് നേരെയുള്ള അവകാശലംഘനത്തിനെതിരെ നിയമസഹായം തേടിയതായും കേസ് കോടതിയുടെ പരിഗണനിയിലാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ജെന്‍ റോബോട്ടിക്സിന്‍റെ പേറ്റന്‍റ് ഉള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് സോളിനാസ് കമ്പനി 'ഹോമോസെപ്' എന്ന പുതിയ റോബോട്ട് വികസിപ്പിച്ചുവെന്നാണ് പരാതി. ബാന്‍ഡികൂട്ട് റോബോട്ടിന്‍റെ ആശയങ്ങളും ടെക്നോളജിയും ഇതില്‍ ഉള്‍പ്പെടുത്തിയതായി ജെന്‍ റോബോട്ടിക്സ് ചൂണ്ടിക്കാണിക്കുന്നു.
ഹോമോസെപ്പിന് ബാന്‍ഡികൂട്ട് റോബോട്ടുമായുള്ള സാമ്യങ്ങള്‍ തങ്ങളുടെ സാങ്കേതികവിദ്യ അനധികൃതമായി ഉപയോഗിച്ചതായുള്ള ഗൗരവകരമായ സംശയങ്ങള്‍ക്ക് ഇടയാക്കുന്നതായും ഇതാണ് നിയമനടപടിക്ക് പിന്നിലെന്നും ജെന്‍ റോബോട്ടിക്സ് അധികൃതര്‍ പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയില്‍ ഏപ്രില്‍ 21 ന് നടന്ന വാദത്തിനിടെ മധ്യസ്ഥതയിലൂടെ പരിഹാരമുണ്ടാക്കാനുള്ള കോടതി നിര്‍ദേശം തങ്ങള്‍ അംഗീകരിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഡീപ്-ടെക് ആവാസവ്യവസ്ഥയില്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും യഥാര്‍ത്ഥ സാങ്കേതിക സംഭാവനകള്‍ സംരക്ഷിക്കുന്നതിനും ജെന്‍ റോബോട്ടിക്സ് പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഒഴിവാക്കുന്നുവെന്നും നിയമ നടപടികളുടെ വിധിക്കായി കാത്തിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.
2017 ല്‍ സ്ഥാപിതമായ ജെന്‍ റോബോട്ടിക്സ് സാമൂഹിക നവീകരണത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മുന്‍നിര കമ്പനിയാണ്. മാന്‍ഹോളിലെ മാലിന്യം നീക്കാന്‍ ബാന്‍ഡികൂട്ട് റോബോട്ടിനെ വികസിപ്പിച്ചതിലൂടെ നിരവധി അംഗീകാരങ്ങളാണ് ജെന്‍ റോബോട്ടിക്സി തേടിയെത്തിയത്. 23 സംസ്ഥാനങ്ങളിലും 200 ലധികം സ്ഥലങ്ങളിലും നിലവില്‍ റോബോട്ടിന്‍റെ സേവനം ഉപയോഗപ്പെടുത്തുന്നു. ശുചീകരണ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിച്ചിട്ടുണ്ട്.