/sathyam/media/media_files/2025/10/26/pic-1-2025-10-26-14-29-02.jpeg)
തിരുവനന്തപുരം: ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാര കരാറിന് അന്തിമ തീരുമാനമാകുമെന്ന് ജര്‍മനി പ്രതീക്ഷിക്കുന്നതായി കര്‍ണാടകയിലെയും കേരളത്തിലെയും ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ അചിം ബര്‍കര്‍ട്ട്. ജര്‍മന്‍ ഐക്യദിന പരിപാടിയില്‍ അതിഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ജര്‍മനിയും തമ്മില്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ബന്ധം ഈ വര്‍ഷാവസാനത്തോടെ ഇന്തോ-യൂറോപ്യന്‍ സ്വതന്ത്രവ്യാപാര കരാര്‍ അന്തിമമാക്കാനുള്ള സന്നദ്ധതയാണ് കാണിക്കുന്നതെന്ന് അചിം ബര്‍കര്‍ട്ട് പറഞ്ഞു. യുഎന്‍ ചാര്‍ട്ടറിലെ തത്വങ്ങളോടുള്ള പ്രതിബദ്ധതയില്‍ ഇരു രാജ്യങ്ങളും ഐക്യത്തിലാണെന്ന് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎന്‍ ചാര്‍ട്ടറിന് അനുസൃതമായി യുക്രെയ്നില്‍ സുസ്ഥിരവും നീതിയുക്തവുമായ സമാധാനം കൈവരിക്കുന്നതു വരെ തന്‍റെ രാജ്യം വിശ്രമിക്കില്ലെന്ന് ബര്‍കര്‍ട്ട് ഊന്നിപ്പറഞ്ഞു. സംയുക്തമായി അംഗീകരിച്ച നിയമങ്ങള്‍ ഏകപക്ഷീയമായ അക്രമത്തേക്കാള്‍ ശക്തമാണ്.
ചര്‍ച്ചകള്‍ കൂടുതല്‍ സുസ്ഥിരമായ പരിഹാരങ്ങള്‍ സൃഷ്ടിക്കും. എല്ലാ മനുഷ്യര്‍ക്കും അന്തസ്സുള്ള ജീവിതം ആസ്വദിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയാണ് യുഎന്‍ ചാര്‍ട്ടര്‍ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ 80 വര്‍ഷം മുമ്പ് ഐക്യരാഷ്ട്ര സംഘടന സ്ഥാപിതമായപ്പോള്‍ ലോകം നല്‍കിയ ഈ വാഗ്ദാനം ഇപ്പോള്‍ സമ്മര്‍ദ്ദം നേരിടുന്നു. ഈ തത്വങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയും ജര്‍മനിയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൊയ്ഥെ-സെന്‍ട്രം തിരുവനന്തപുരം ഡയറക്ടറും ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനിയുടെ കേരളത്തിലെ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗൊയ്ഥെ-സെന്‍ട്രം ചെയര്‍മാന്‍ ജി. വിജയരാഘവന്‍ സ്വാഗതം പറഞ്ഞു.
ജര്‍മന്‍ മോഡല്‍ പാര്‍ലമെന്‍റിലെ വിജയികള്‍ക്ക് അചിം ബര്‍കര്‍ട്ട് പുരസ്കാരം നല്‍കി. തുടര്‍ന്ന് മ്യൂണിക്ക് ആസ്ഥാനമായ ബക്ക് റോജര്‍- സൈഡ്ട്രാക്കേഴ്സ് അവതരിപ്പിച്ച സംഗീത പരിപാടിയും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us