/sathyam/media/media_files/2025/02/21/mSzLSO6IEUq23wyE9LvE.jpg)
ഇടുക്കി: സൈനികനായ മകന്റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണിയില്‍ ആണ് സംഭവം. തങ്കമണി അച്ചന്‍കാനം പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53) ആണ് അറസ്റ്റിലായത്.
മകളുടെയും മരുമകളുടെയും 24 പവന്‍ സ്വര്‍ണം ഇവര്‍ അറിയാതെ പണയം വച്ച് പണം തട്ടി എന്നാണ് പരാതി. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി കുറുപ്പം പറമ്പില്‍ അംബികയും അറസ്റ്റിലായി. പണം അഭിചാര കര്‍മ്മത്തിന് ഉപയോഗിച്ചെന്നാണ് പൊലീസിന്റെ സംശയം.
ബിന്‍സിയുടെ മകന്‍ അഭിജിത്ത് അസം റൈഫിള്‍സില്‍ സൈനികനാണ്. അഭിജിത്തിന്റെ ഭാര്യയും ബിന്‍സിയും ഭര്‍ത്താവുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. അഭിജിത്തിന്റെ ഭാര്യയുടെ 14 പവന്‍ സ്വര്‍ണം ബിന്‍സി പണയം വച്ചെന്നാണ് പരാതി. അതോടൊപ്പം ബിന്‍സിയുടെ മകളുടെ 10 പവന്‍ സ്വര്‍ണവും പണയം വച്ചു. എന്തിന് പണയം വച്ചു എന്ന് ചോദിച്ചപ്പോള്‍ ബിന്‍സി വ്യക്തമായ മറുപടി നല്‍കിയില്ല.
തുടര്‍ന്നാണ് ബിന്‍സിക്കെതിരെ മകന്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബിന്‍സി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. ഒരു മന്ത്രവാദിയെ കണ്ട് മടങ്ങുമ്പോഴാണ് പിടിയിലായത്. പണം അഭിചാര കര്‍മ്മത്തിന് ഉപയോഗിച്ചെന്നാണ് പൊലീസിന്റെ നിഗമനം. ബിന്‍സിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.