ഗവര്‍ണറുടെ ഓരോ നീക്കങ്ങളും ചോര്‍ത്തിയെടുത്ത് സര്‍ക്കാരിനെ അറിയിക്കാന്‍ നിയോഗിച്ചിരുന്ന രണ്ട് പോലീസുകാരെ ഗവര്‍ണര്‍ കൈയ്യോടെ പിടികൂടി. ചാരന്മാരെ ഗവര്‍ണറുടെ സുരക്ഷാ സംഘത്തില്‍ നിന്ന് പുറത്താക്കി. ഡിജിപിയെ വിളിച്ചുവരുത്തി അതൃപ്തിയറിയിക്കാന്‍ ഗവര്‍ണര്‍

ഗവര്‍ണറുടെ ഓരോ നീക്കങ്ങളും ചോര്‍ത്തിയെടുത്ത് സര്‍ക്കാരിനെ അറിയിക്കാന്‍ നിയോഗിച്ചിരുന്ന രണ്ട് പോലീസുകാരെ ഗവര്‍ണര്‍ കൈയ്യോടെ പിടികൂടി ചുമതലയില്‍ നിന്നൊഴിവാക്കി.

New Update
kerala governor

തിരുവനന്തപുരം: ഗവര്‍ണറുടെ ഓരോ നീക്കങ്ങളും ചോര്‍ത്തിയെടുത്ത് സര്‍ക്കാരിനെ അറിയിക്കാന്‍ നിയോഗിച്ചിരുന്ന രണ്ട് പോലീസുകാരെ ഗവര്‍ണര്‍ കൈയ്യോടെ പിടികൂടി ചുമതലയില്‍ നിന്നൊഴിവാക്കി. ഒരു ഡ്രൈവറെയും ഒരു സിവില്‍ പോലീസ് ഓഫീസറെയുമാണ് ചാരപ്പണിക്കായി സര്‍ക്കാര്‍ രാജ്ഭവനില്‍ നിയോഗിച്ചിരുന്നത്. 

Advertisment

സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണറുടെ യാത്രകളുടെ വിവരങ്ങള്‍, സന്ദര്‍ശകരുടെ വിവരങ്ങള്‍, യാത്രകളുടെ വിവരങ്ങള്‍, ആരെല്ലാമായി ഫോണില്‍ സംസാരിക്കുന്നു അടക്കം എല്ലാ വിവരങ്ങളും ചോര്‍ത്താനാണ് രാജ്ഭവനിലേക്ക് രണ്ട് ചാരന്മാരെ അയച്ചത്. 


എന്നാല്‍ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഇക്കാര്യം കണ്ടെത്തി ഗവര്‍ണറെ അറിയിച്ചു. ഇതോടെ ഗവര്‍ണറുടെ നീക്കങ്ങളറിയാന്‍ വച്ച 2 പോലീസുകാരെ രാജ്ഭവന്‍ ഒഴിവാക്കി. പകരം ഗവര്‍ണറുടെ വിശ്വസ്തരായ രണ്ടു പേരുടെ പട്ടിക ഡിജിപിക്ക് കൈമാറി.


 

എന്നാല്‍ ഈ രണ്ടുപേരെയും ഗവര്‍ണറുടെ സുരക്ഷാ സംഘത്തില്‍ എസ്.ഐയടക്കം 4 പോലീസുകാരുടെയും ഒഴിവിലേക്ക് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഇറക്കിയ നിയമന ഉത്തരവ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം 24മണിക്കൂറിനകം റദ്ദാക്കി. 

ഗവര്‍ണര്‍ ഡിജിപിയോട് ആവശ്യപ്പെട്ടത് പ്രകാരം രാജ്ഭവനില്‍ നിയമിച്ച 6 പൊലീസുദ്യോഗസ്ഥരെ 24മണിക്കൂറിനകം ഉത്തരവ് റദ്ദാക്കി സ്ഥലംമാറ്റിയതില്‍ പുതിയ ഡിജിപി റാവഢ ചന്ദ്രശേഖറിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കാനൊരുങ്ങുകയാണ് ഗവര്‍ണര്‍.



 താന്‍ നിര്‍ദ്ദേശിക്കുന്നവരെ മാത്രമേ തന്റെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെടുത്താനാവൂ എന്ന നിലപാടിലാണ് ഗവര്‍ണര്‍. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം ജൂണ്‍ 28ന് ഇറക്കിയ ഉത്തരവാണ് 24മണിക്കൂറിനകം റദ്ദാക്കിയത്. സാങ്കേതിക നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം, സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കിയതെന്നാണ് പോലീസ് പറയുന്നത്.



 
ആര്‍.വി ആര്‍ലേക്കര്‍ ഗവര്‍ണറായി ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിലെ 2പോലീസുകാരെ മാറ്റിയിരുന്നു. ഡി.ജി.പിയുടെ ചുമതലയുണ്ടായിരുന്ന മനോജ് എബ്രഹാമിനെ വിളിച്ച് ഗവര്‍ണര്‍ അതൃപ്തിയറിയിച്ചതിനെത്തുടര്‍ന്ന് ഉത്തരവ് റദ്ദാക്കി.

 തന്റെ നിര്‍ദ്ദേശമില്ലാതെ സുരക്ഷാസംഘത്തിലുള്ളവരെ മാറ്റരുതെന്ന് ഡിജിപിയായിരുന്ന ഷേഖ് ദര്‍വേഷ് സാഹിബിനോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. മറ്റ് സുരക്ഷാപ്രശ്‌നങ്ങളില്ലെങ്കില്‍, ഭരണാധികാരികള്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കാറുള്ളത്. പരിപാടികളിലും യാത്രകളിലും ഗവര്‍ണര്‍ക്കൊപ്പമുണ്ടാവുന്നവരാണ് ഇവര്‍. 

തന്റെ ശുപാര്‍ശയില്ലാതെ സുരക്ഷാസംഘാംഗങ്ങളെ നിയമിക്കരുതെന്നും മാറ്റരുതെന്നും ഡിജിപിയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുമെന്ന് അറിയുന്നു.


കെഎപി രണ്ടാം ബറ്റാലിയനിലെ എസ്‌ഐ വിഎസ് അരുണ്‍കുമാര്‍, വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ എ ഗോപകുമാര്‍, കെഎപി നാലാം ബറ്റാലിയനിലെ എം എസ് ഹിമേഷ്, എസ്എപി ബറ്റാലിയനിലെ എസ് സുഭാഷ്, ബോംബ് സ്‌ക്വാഡിലെ ജെബി അനീഷ്, തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്തെ സീനിയര്‍ സിപിഒ എസ് രാജേഷ് കുമാര്‍ എന്നിവരുടെ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്. 


ഇതിന് പുറമെ രാജ്ഭവനിലെ ഡ്രൈവര്‍ ചുമതലയില്‍ പ്രവര്‍ത്തിച്ചിരുന്ന പൊലീസ് ഡ്രൈവര്‍ എ അനസിനെ പിന്‍വലിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് ആസ്ഥാനത്തെ സിആര്‍ രാജേഷിനെ രാജ്ഭവനിലേക്ക് നിയോഗിച്ച ഉത്തരവും റദ്ദാക്കി.

 

Advertisment