/sathyam/media/media_files/s4QaPIUWo4DAybeICCaV.jpg)
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 14ന് പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലില്‍ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക.
സ്വര്‍ണ സിംഹാസനത്തില്‍ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവെച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വര്‍ണം, പുതുപ്പണം എന്നിവ കൊണ്ട് കണി ഒരുക്കും.
നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഭക്തര്‍ക്ക് കണി കാണാനായി നമസ്‌കാര മണ്ഡപത്തിലും കണിയൊരുക്കും. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരി പുലര്‍ച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാര്‍ക്കൊപ്പം ശ്രീലകവാതില്‍ തുറക്കുമെന്നും ദേവസ്വം വ്യക്തമാക്കി.
നാളീകേരമുടച്ച് തിരിയിട്ട് കത്തിച്ച് ഓട്ടുരുളിയിലെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്‍കും. സ്വര്‍ണ സിംഹാസനത്തില്‍ കണിക്കോപ്പ് ഒരുക്കി മേല്‍ശാന്തിയടക്കം പുറത്ത് കടന്നാല്‍ ഭക്തര്‍ക്ക് കണി കണ്ടു തൊഴാം. തൊഴുതു വരുന്നവര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടം നല്‍കും.
സ്‌പെഷ്യല്‍, വിഐപി ദര്‍ശനം ഉണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഭക്തരുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തില്‍ 12 മുതല്‍ 20 വരെ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ സ്‌പെഷ്യല്‍ ദര്‍ശനം, വിഐപി ദര്‍ശനം എന്നിവ ഉണ്ടാകില്ല. ക്യൂ നിന്ന് ദര്‍ശനം നടത്തുന്നവര്‍ക്കാകും പരിഗണന. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്നവര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us