/sathyam/media/post_attachments/p8pp1x8dowGcDHhWpxus.webp)
ഡൽഹി: ഗ്യാന്‍വാപി മസ്ജിദിലെ എഎസ്‌ഐ സര്‍വ്വേ ഉത്തരവില്‍ വ്യക്തത തേടി മസ്ജിദ് ഭരണസമിതി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. അന്‍ജുമന്‍ മസ്ജിദിന്റെ ഉപഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും. വാരണാസി ജില്ലാ കോടതി വിധിക്കെതിരായ അപ്പീലില്‍ അലഹബാദ് ഹൈക്കോടതി രണ്ടാം ദിവസവും വാദം കേള്‍ക്കുകയാണ്.
പ്രത്യേക അനുമതി ഹര്‍ജി തീര്‍പ്പാക്കിയ സുപ്രീംകോടതിയുടെ നടപടിയിലാണ് മസ്ജിദ് ഭരണസമിതി വ്യക്തത തേടിയത്. ഇതേത്തുടര്‍ന്ന് പ്രത്യേക അനുമതി ഹര്‍ജി തീര്‍പ്പാക്കിയ ഖണ്ഡിക സുപ്രീംകോടതി പിന്‍വലിച്ചു. ഉപഹര്‍ജിയിലാണ് തീരുമാനമെടുത്തതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തത വരുത്തി. വാരണാസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്ത് മസ്ജിദ് ഭരണസമിതി നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുകയാണ്. തെളിവുകള്‍ ഇല്ലാതെയാണ് ഹര്‍ജിക്കാര്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിച്ചത്. ആദ്യം തെളിവുകള്‍ ഉണ്ടെന്നും അവസാനം തെളിവുകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഇത് പരസ്പര വിരുദ്ധമാണ് എന്നും അന്‍ജുമാന്‍ മസ്ജിദ് ഭരണ സമിതി അഭിഭാഷകന്‍ അറിയിച്ചു.
ഗ്യാന്‍വാപി മസ്ജിദില്‍ മാത്രമാണോ എഎസ്‌ഐ പര്യവേഷണം എന്നും തൊട്ടടുത്ത കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സര്‍വ്വേ ഉണ്ടോയെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. മസ്ജിദില്‍ പര്യവേഷണം അനിവാര്യമാണോ, എഎസ്‌ഐ എന്തുകൊണ്ട് ഹര്‍ജിയില്‍ കക്ഷിയല്ല. എഎസ്‌ഐയുടെ അഭിഭാഷകന്‍ എവിടെയെന്നും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. മസ്ജിദിന്റെ ഉള്ളില്‍ തല്‍ക്കാലം പര്യവേഷണം ആവശ്യമില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അറിയിച്ചു. അത് അവസാന ഘട്ടത്തില്‍ ആവശ്യമെങ്കില്‍ നടത്തും. ഗ്രൗണ്ട് റഡാര്‍ മാപ്പിംഗ് ആണ് നടത്തുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു. മസ്ജിദിന്റെ മുറ്റത്ത് ആഴത്തില്‍ പര്യവേഷണം നടത്തിയാല്‍ ആയിരം വര്‍ഷം പഴക്കമുള്ള മസ്ജിദ് തകരുമെന്നായിരുന്നു അന്‍ജുമാന്‍ മസ്ജിദ് ഭരണസമിതിയുടെ വാദം.