/sathyam/media/media_files/2r19ki3RIG3tKk7VsSqf.jpeg)
ടെൽ അവീവ്∙: ഹമാസ് നേതാക്കളെ ഖത്തറിൽ വച്ച് ഇസ്രയേൽ വധിക്കാൻ ശ്രമിച്ച സംഭവത്തെ ഇസ്രയേലിന്റെ ചാരസംഘടന മൊസാദ് എതിർത്തുവെന്ന് റിപ്പോർട്ട്. എതിർപ്പിന്റെ കാരണങ്ങളും മൊസാദ് ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ അറിയിച്ചിരുന്നുവെന്ന് ‘ദ വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
എന്നാൽ, മൊസാദിന്റെ എതിർപ്പ് പരിഗണിക്കാതെ വ്യോമാക്രമണം നടത്തിയെങ്കിലും ഇസ്രയേൽ ലക്ഷ്യമിട്ട ഹമാസ് നേതാക്കളെ വധിക്കാൻ സാധിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖത്തറിൽ ആക്രമണം നടത്താനുള്ള പദ്ധതിയെ മൊസാദ് തലവൻ ഡേവിഡ് ബർണിയയാണ് എതിർത്തത്. ഖത്തറുമായി മൊസാദ് വളർത്തിയെടുത്ത ബന്ധത്തെ ആക്രമണം പ്രതികൂലമായി ബാധിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ ആക്രമണം, ബന്ദിമോചനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാന മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തർ. ഹമാസ് നേതാക്കളെ വധിക്കാനുള്ള ആക്രമണം എപ്പോൾ, എങ്ങനെ എന്ന കാര്യത്തിൽ മാത്രമായിരുന്നു മൊസാദിനു തടസ്സവാദം.