/sathyam/media/media_files/2025/03/22/8BBeDY6qZ31o0PE3Rn71.jpg)
തിരുവനന്തപുരം: ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതിസംഗമം മാര്‍ച്ച് 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപനരേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. 24 ന് വൈകുന്നേരം 5.30 ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും.
ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദരവ് നല്‍കും. 'നെറ്റ്സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' മൊബൈല്‍ ആപ്പ് പ്രകാശനവും, ക്യാമ്പയിന്‍ മാര്‍ഗരേഖ പ്രകാശനവും ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.
'നവകേരളത്തിന്റെ പരിസ്ഥിതി മികവുകള്‍' പ്രബന്ധ സമാഹാരം പ്രകാശനവും മാപത്തോണിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടം പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ശശിതരൂര്‍ എം.പി, ആന്റണി രാജു എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നവകേരളം ന്യൂസ് ലെറ്ററിന്റെ 50-ാം പതിപ്പ് പ്രകാശനം ചെയ്യും.
2025 ലെ ലോക ജലദിനത്തിന്റെ പ്രതിപാദ്യ വിഷയം 'ഹിമാനികളുടെ സംരക്ഷണം' എന്നതാണ്. പാരിസ്ഥിതിക മേഖലയില്‍ ഹരിതകേരളം മിഷന്റെ ഏകോപനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ വിഷയം. അതുകൊണ്ട് തന്നെ ലോകജലദിനവുമായി ബന്ധപ്പെട്ടാണ് പരിസ്ഥിതി സംഗമം സംഘടിപ്പിക്കുന്നത്.