എറണാകുളം: താനൂർ ബോട്ട് ദുരന്തത്തിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. രണ്ട് പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. നേരത്തെ കേസിലെ മറ്റൊരു പ്രതിയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. സെബാസ്റ്റ്യൻ ജോസഫ്, വി.വി പ്രസാദ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസിലെ 11ാം പ്രതിയാണ് സെബാസ്റ്റ്യൻ ജോസഫ്, വി.വി പ്രസാദ് 12ാം പ്രതിയാണ്. നേരത്തെ കേസിലെ പത്താംപ്രതിയായ മുഹമ്മദ് റിൻഷാദിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്.
നേരത്തെ മുഹമ്മദ് റിൻഷാദ് ഉൾപ്പെടെ ആറ് പേർ കേസിൽ ജാമ്യം വേണമെന്ന ആവശ്യവുമായി മഞ്ചേരി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. ഇതേ തുടർന്നായിരുന്നു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
മെയ് ഏഴിനായിരുന്നു കേരളത്തെ കണ്ണീരിലാഴ്ത്തിയ ബോട്ട് ദുരന്തം ഉണ്ടായത്. 15 കുട്ടികൾ ഉൾപ്പെടെ 22 പേരാണ് അപകടത്തിൽ മരിച്ചത്. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.