ഹൈബ്രിഡ് കഞ്ചാവ് കേസ്: പിടിയിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവും പിടിയില്‍

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍.

New Update
hybrid-kanjav-768x421

തിരുവനന്തപുരം: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നേരത്തെ കേസില്‍ പിടിയിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവും തമിഴ്‌നാട് സ്വദേശിയുമായ സുല്‍ത്താനാണ് എക്‌സൈസിന്റെ വലയില്‍ വീണത്. തമിഴ്‌നാട്  ആന്ധ്ര അതിര്‍ത്തിയില്‍ വച്ചാണ് പിടികൂടിയത്. എക്‌സൈസ് അന്വേഷണസംഘം ആന്ധ്രപ്രദേശില്‍ എത്തിയിട്ടുണ്ട്. 


Advertisment


സുല്‍ത്താന്‍ കേസിലെ മുഖ്യ കണ്ണിയാണ്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിച്ചത് സുല്‍ത്താന്‍ ആണെന്നും വിവരമുണ്ട്. സുല്‍ത്താന്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരില്‍ പ്രധാനിയാണ്. മലേഷ്യയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കേരളത്തില്‍ ഇടപാട് നടത്തിയത് തസ്ലീമ വഴിയാണ്.


ഏപ്രില്‍ ഒന്നിന് ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്ലീമ മൊഴി നല്‍കിയിരുന്നു.

ബംഗളൂരുവില്‍ നിന്ന് കാറില്‍ ആലപ്പുഴയിലേക്ക് കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്‌സൈസ് പിടികൂടിയത്. കേസില്‍ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുല്‍ത്താന്‍, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റു ചെയ്തു.



 ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്. തുടരന്വേഷണത്തിലാണ് തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താനെ തമിഴ്‌നാട് ആന്ധ്രാ അതിര്‍ത്തിയില്‍ നിന്നു പിടികൂടിയത്. വിദേശത്തു നിന്നു കഞ്ചാവ് ഇയാളാണ് എത്തിച്ചിരുന്നതെന്നാണ് നിഗമനം. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സുല്‍ത്താന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നു ലഭിച്ചു.


കേസില്‍ തസ്ലിമയുടെ സഹോദരിയെയും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍ വാടകയ്ക്ക് എടുത്തു നല്‍കിയ യുവതിയെയും ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ക്ക് ലഹരി വില്‍പനയില്‍ നേരിട്ട് ബന്ധമില്ലെന്നാണ് അനുമാനം. 


സിനിമ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ക്ക് നിരോധിത ലഹരി വസ്തുക്കള്‍ വിറ്റിരുന്നതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സിനിമ നടന്‍മാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള തെളിവുകള്‍ നിലവില്‍ എക്‌സൈസിന്റെ പക്കല്‍ ഇല്ല. മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹര്‍ജി പിന്‍വലിച്ചു.

Advertisment